ഫ്ലോറിഡ: ഫ്ലോറിഡയിൽ ചെറുവിമാനം തകർന്നുവീണ് മൂന്ന് പേർ മരിച്ചു. വിമാനത്തിന്റെ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. തിരക്കേറിയ ഒരു അന്തർസംസ്ഥാന ഹൈവേയ്ക്കും റെയിൽവേ ട്രാക്കുകൾക്കും സമീപമാണ് വിമാനം തകർന്നുവീണത്. സംഭവത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷിക്കും.
തകർന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങൾ തീഗോളത്തിന്റെ രൂപത്തിൽ വീഴുന്നത് കണ്ട് ഒരു കാർ ഡ്രൈവർ പരിഭ്രാന്തനായി, കാർ നിയന്ത്രണം വിട്ട് ആ പ്രദേശത്തെ ഒരു മരത്തിൽ ഇടിക്കുകയും അയാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹത്തിന് ജീവന് ഭീഷണിയായ പരിക്കുകളൊന്നുമില്ലെന്നും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. “ഇന്ന് ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ ഒരു വിമാനം തകർന്നുവീണു എന്ന വാർത്തയിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. ഈ ദാരുണമായ സംഭവത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവരോടും ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു. അന്വേഷണം തുടരുന്നതുവരെ ഇരകളുടെ കുടുംബങ്ങളോട് ക്ഷമയും ബഹുമാനവും കാണിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു,”ബൊക്ക റാറ്റൺ മേയർ സ്കോട്ട് സിംഗർ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
രാവിലെ 10 മണിയോടെ ബൊക്ക റാറ്റണിൽ നിന്ന് പറന്നുയർന്ന വിമാനം തല്ലാഹസിയിലേക്ക് പോകുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ 10:20 ന് വിമാനം തകർന്നുവീണു.
വിമാനത്തിന് ചില മെക്കാനിക്കൽ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന് അസിസ്റ്റന്റ് ഫയർ ചീഫ് പറഞ്ഞു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഫ്ലൈറ്റ് റഡാർ 24 ൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് അപകടത്തിന് മുമ്പ് വിമാനം നിരവധി പ്രാവശ്യം ചുറ്റിക്കറങ്ങി എന്നാണ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ, ഒരു ദൃക്‌സാക്ഷി പറഞ്ഞത്, വലിയ ശബ്ദം കേട്ടുവെന്നും പിന്നീട് പെട്ടെന്ന് വിമാനം തകർന്നുവീണു എന്നുമാണ്.
വ്യാഴാഴ്ച ഉച്ച തിരിഞ്ഞ് ന്യൂയോർക്കിലെ ഹഡ്സണ്‍ നദിയില്‍ ഒരു ഹെലികോപ്റ്റർ തകർന്നു വീണ് എട്ട് വയസ്സുള്ള കുട്ടിയുൾപ്പെടെ ആറ് പേർ മരിച്ചു.