കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലെ നന്ദിനിക്കിത് ജീവീതത്തിലെ ജന്മസാഫല്യം!

ഗുരുവായൂരപ്പന്റെ ഗജ സമ്പത്തിലെ ‘നന്ദിനി’ എന്ന ആന ചരിഞ്ഞ വാര്‍ത്ത ആനപ്രേമികൾക്ക് ദുഃഖകരമായിരുന്നു. ഇതിനെത്തുടർന്ന് ഗുരുവായൂരിൽ നന്ദിനി ചെലവഴിച്ചതിനെക്കുറിച്ച് ഗുരുവായൂർ ദേവസ്വം തന്നെ സോഷ്യൽ മീഡിയയിൽ നന്ദിനിയെക്കുറിച്ചുള്ള വിവരങ്ങള്‍ പോസ്റ്റ് ചെയ്തു. വെറും നാല് വയസ് മാത്രം പ്രായമുണ്ടായിരുന്ന നന്ദിനിയെ നിലമ്പൂരിൽ നിന്നുള്ള പി നാരായണൻ നായരാണ് ഗുരുവായൂരപ്പന് നല്‍കിയത്. കുടുംബ സുഹൃത്തായ പി കേശവ മേനോനാണ് നാരായണന്‍ നായര്‍ക്കു വേണ്ടി ഗുരുവായൂര്‍ ദേവസ്വത്തിന് കത്തയച്ചത്.

ഗുരുവായൂർ ദേവസ്വം ബോര്‍ഡിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

60 വർഷത്തെ സേവന നിറവിൽ മണ്ഡലശീവേലിയും , പള്ളിവേട്ടയും,ആറാട്ടു ചടങ്ങുകളും നടത്തി ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലെ നന്ദിനി…ഗജറാണി നന്ദിനി ഓർമ്മയായി!

ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലെ ഗജറാണി നന്ദിനി ഓർമ്മയായി. ഗുരുവായൂരപ്പന്റെ സേവനത്തിനു പുറം എഴുന്നള്ളിപ്പുകൾക്ക് 5 ക.ഏക്കം നിശ്ചയിച്ച് സേവനമാരംഭിച്ച നന്ദിനി കാലയവനികയ്ക്കുള്ളിൽ മൺമറഞ്ഞതോടെ ഗുരുവായൂരപ്പന്റെ ഗജസമ്പത്ത് 37 ആയി!

ഭൂലോകവൈകുണ്ഠമെന്ന് പുകൾപ്പെറ്റ ഗുരുവായൂരപ്പന്റെ ഗജസമ്പത്തിലെ നന്ദിനിക്കിത് ജീവീതത്തിലെ ജന്മസാഫല്യം! 60 വർഷംമുമ്പ് ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു ആനയെ നടയിരുത്തൽ ചടങ്ങ്.! നിലമ്പൂര്കാരനായ പി. നാണു നായർക്ക് ഗുരുവായൂരപ്പന്റെ സന്നിധിയിൽ ഒരു ‘പിടിയാന’ക്കുട്ടിയെ നടയിരുത്താൻ മോഹം. നാണു നായരുടെ ഈ ആഗ്രഹം സഫലീകൃതമാക്കാൻ വേണ്ടി അന്ന് ഒരാനക്കുട്ടിയെ നടയിരുത്തുന്ന കാര്യം അറിയിച്ചുകൊണ്ട് കുടുംബ സുഹൃത്തായ പി. കേശവമേനോൻ ഗുരുവായൂർ ദേവസ്വം മാനേജർക്ക് 1964 മെയ് 7 ന് ഒരു കത്തയച്ചു. ഈ കത്തിന്റെ ഉള്ളടക്കവും, തുടർന്ന് ദേവസ്വം മാനേജരുടെ അനുമതിയും… ഏതോ വനാന്തരങ്ങളിൽ ജന്മമെടുത്ത ഒരാനക്കുട്ടിയുടെ,….പോരാ,ഒരു “പിടി”യാനയുടെ ജീവിതം സഫലീകൃതമാക്കി എന്നുവേണം കരുതാൻ.

ഭക്തനായ പൂന്താനം പാടിയ പോലെ ജന്മ സാഫല്യമപ്പൊഴേ വന്നു പോയ്…..നന്ദിനി ക്ക്. നടപടികൾ ദ്രുതഗതിയിലായി. രണ്ട്ദിവസം കഴിഞ്ഞു. ഗുരുവായൂരപ്പന്റെ ഭക്തനായ നാണു നായർ 1964 മെയ് 9 ന് ഗുരുവായൂരപ്പന് നടയിരുത്തിയ പിടിയാനക്കുട്ടിക്ക് ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി കൃഷ്ണൻ നമ്പൂതിരിയുടേയും ക്ഷേത്രം അധികൃതരുടേയും സാന്നിദ്ധ്യത്തിൽ അന്നത്തെ മേശ്ശാന്തി ചേക്കൂർ വാസുദേവൻ ഭട്ടതിരിപ്പാട് ആനക്കുട്ടിയെ തീർത്ഥം തളിച്ച് മസ്തകത്തിൽ ഭഗവാന്റെ കളഭം അണിയിച്ച് മാലചാർത്തി ചെവിയിൽ 3 വട്ടം മന്ത്രിച്ചു… “നന്ദിനി…നന്ദിനി…നന്ദിനി.” ഭക്തജനങ്ങളെല്ലാം നാരായണ നാമം ജപിച്ച് പ്രാർത്ഥിച്ചു. ഗുരുപവനപുരേശന്റെ ഗജസമ്പത്തിലേക്ക് നവാഗതയായെത്തിയ നന്ദിനിക്കന്ന് 4 വയസ്സു പ്രായം!
അതുകൊണ്ടുതന്നെ ദേവസ്വം അധികൃതർ നന്ദിനിക്ക് പ്രത്യേകം പരിഗണനയും സ്ഥാനവും നൽകിയിരുന്നു.

ആയതിനാൽ കോവിലകം പറമ്പിൽ കൊണ്ട് പോയി തിരികെ കിഴക്കെടനടയിലെ സമുദായ മഠം ആപ്പീസ് പരിസരത്തെ ആനപ്പന്തിയിൽ ആയിരുന്നു നന്ദിനിക്ക് പ്രത്യേകം സൗകര്യം ഒരുക്കിയത്. നന്ദിനിക്കുട്ടി ഗുരുവായൂരിൽ വരുമ്പോൾ പരിചരിക്കാൻ കൂടെ ആനക്കാരനായി ഉണിക്കിരിവീട്ടിൽ ബാലപ്പണിക്കരും ഉണ്ടായിരുന്നു. വളരെ സ്നേഹപൂർവ്വം ബാലപണിക്കർ നന്ദിനിയെ ഓമനിച്ചു വളർത്തി. എന്നാൽ ഗുരുവായൂരിൽ വരുമ്പോൾ തന്നെ നന്ദിനിക്ക് കഴുത്തിൽ സ്വല്പം നീരുണ്ടായിരുന്നു. ആയതിനാൽ തന്നെ ആനസംരക്ഷകനായ മാതേമ്പാട്ട് നമ്പ്യാരുടേയും ആന വൈദ്യന്റെയും നിർദ്ദേശ പ്രകാരം നന്ദിനിക്ക് കുറച്ചു ദിവസം ചികിത്സയും നടന്നു. ദിവസം ഒരു നാരായം അരിയും,1/3. നാഴി ഗോതമ്പും,1/3 നാഴി രാഗിപ്പുല്ലും, മറ്റു മരുന്നുകളും ചികിത്സക്കായി നന്ദിനിക്ക് നൽകിയിരുന്നു. വൈക്കത്തു വീട്ടിൽ കുഞ്ഞിക്കൃഷ്ണൻ നായരേയും നന്ദിനിയുടെ മറ്റൊരാനക്കാരനായി ദേവസ്വം നിശ്ചയിച്ചു. രണ്ടാനക്കാർക്കും പ്രതിമാസം 30 കയും 5 ക അലവൻസും നൽകാനും ഉത്തരവുണ്ടായി. നന്ദിനിക്ക് നിത്യം 5 പനമ്പട്ടവീതം നൽകാനും നിശ്ചയിച്ചു.

നന്ദിനിയെ ആരെങ്കിലും എഴുന്നള്ളിപ്പിന് ആവശ്യപ്പെട്ടു വന്നാൽ ദിവസം 5 രൂപ ഏക്കം നിശ്ചയിച്ചും ക്ഷേത്രം മാനേജിംഗ് ട്രസ്റ്റിയായ സാമൂതിരിയുടെ തിട്ടൂരം ഉണ്ടായി. വർഷങ്ങളോളം ഗുരുവായൂരപ്പന്റെ സ്വർണ്ണത്തിടമ്പേറ്റി നിത്യശീവേലി നടത്തി സേവനം ചെയ്ത നന്ദിനി ഗുരുവായൂരപ്പന്റെയും വിശിഷ്യാ, ഭക്തജനങ്ങളുടേയും ഇഷ്ടഭാജനമായി മാറി. നാളുകൾ കഴിയുന്തോറും പ്രായം കൊണ്ട് വലുതായെങ്കിലും ഉയരം കൊണ്ട് പരിമിതിയിലെത്തിയ നന്ദിനിക്ക് 34 വർഷം മുമ്പ് 1990 ൽ ഗുരുവായൂരപ്പന്റെ ഉത്സവത്തിന് അതിപ്രധാനമായ പള്ളിവേട്ടക്കു സ്വർണ്ണത്തിടമ്പും ആറാട്ടിന് പഞ്ചലോഹത്തിടമ്പും ശിരസ്സിലേറ്റി 9 ഉം 11 ഉം പ്രദക്ഷിണം ഭക്തജനങ്ങൾക്ക് ഒപ്പം ഓടാനുള്ള പ്രത്യേക നിയോഗമുണ്ടായി. ഫലമോ അന്ന് ദേവസ്വത്തിന്റെ ഗജസമ്പത്തിലെ ഗജറാണിയായിരുന്ന ലക്ഷ്മിക്കുട്ടിയുടെ പിൻതലമുറക്കാരിയായി നന്ദിനി അംഗീകരിക്കപ്പെട്ടു. അത് വലിയൊരംഗീകാരമായി.!

ഗുരുപവനപുരേശസന്നിധിയിൽ 1983 ൽ ലക്ഷ്മിക്കുട്ടിക്ക് സപ്തതിയും,1996 ൽ ശതാഭിഷേകവും അതിഗംഭീരമായി ഭക്തജനങ്ങൾ ആഘോഷിച്ചു.1997 ജൂലൈ 14 ന് ഗുരുവായൂരപ്പന്റെ പാദങ്ങളിൽ വിലയം പ്രാപിച്ചപ്പോൾ ഗുരുവായൂർ ഉത്സവത്തിന്ന് പള്ളിവേട്ടക്കും, ആറാട്ടിനും നന്ദിനിയെ ചുമതലപ്പെടുത്തിയ ശേഷമാണ് ലക്ഷ്മിക്കുട്ടി കാലയവനികയ്ക്കുള്ളിൽ മൺമറഞ്ഞത്എന്ന് തോന്നും വിധമാണ് നന്ദിനി ഉത്സവത്തിന്റെ ചിട്ടകൾ ഹൃദിസ്ഥമാക്കി. പള്ളിവേട്ടക്കും ആറാട്ടിനും കഴിഞ്ഞ 2 വർഷം മുമ്പ് വരെ ഏകദേശം 30 വർഷത്തോളം ഓടിയിരുന്നത് ഇന്നും നന്ദിനി സ്മരിച്ചുവോ?….. അനവധി അനവധി പുറം എഴുന്നള്ളിപ്പുകൾക്കും ഗുരുവായൂരപ്പന്റെ 3 നേരത്തെ ശീവേലിക്കും, രാത്രിയിലെ ചുറ്റുവിളക്കിനും, മണ്ഡലക്കാലത്തെ പ്രത്യേക ശീവേലിക്കും നന്ദിനിയുടെ സാന്നിധ്യം സർവ്വസാധാരണമായിരുന്നു.

അപ്രതീക്ഷിതമായി വന്നുചേർന്ന പാദ രോഗം നന്ദിനിയെ ഒന്നു വിഷമിപ്പിച്ചതിനാൽ 2023 ലെ പള്ളിവേട്ട ആറാട്ട് ചടങ്ങുകളിൽ നന്ദിനി പങ്കെടുത്തില്ല. എന്നാൽ വിദഗ്ധ ചികിത്സ ലഭിച്ചതോടെ നന്ദിനി രോഗമുക്തയായി. എന്നാലും ഒരു കാരണവസ്ഥാനം ലഭിച്ച സാഹചര്യത്തിൽ ദേവസ്വം അധികൃതരുടെ പ്രത്യേകം താൽപര്യം… പുന്നത്തൂർ കോട്ടയിലെ പ്രത്യേകം സംവിധാനം ചെയ്ത ആനപ്പന്തിയിൽ റബ്ബർ ഷീറ്റ് കൊണ്ടുള്ള മെത്തയും പ്രതലവും നന്ദിനിയുടെ ആരോഗ്യം സംരക്ഷിക്കാൻ സാഹചര്യമൊരുക്കി. ശ്രദ്ധയോടെ വീക്ഷിച്ച് യഥാസമയം മരുന്നുകളും, എല്ലാം ഗുരുവായൂരപ്പന്റെ ഗജപരിപാലനത്തിന്റെ അനുഗ്രഹം മാത്രം. ദിവസവും ഗമയോടെ പുന്നത്തൂർ കോവിലകം മുഴുവനും നന്ദിനി നടന്നു കാണും. സഹപ്രവർത്തകരെല്ലാം സസുഖം വാഴുന്നുണ്ട്. പലരും മൺമറഞ്ഞുവെങ്കിലും താനുൾപ്പെടെ 38 അംഗങ്ങൾ ഉള്ള ഗുരുവായൂരപ്പന്റെ ഗജകുടുംബത്തിലെ റാണിയായി സസുഖം വിശ്രമത്തിലായിരുന്നു നന്ദിനി.ഗുരുവായൂരപ്പന് 60 വർഷം സേവനം ചെയ്ത കൃതാർത്ഥതയിൽ…….

മേൽപ്പത്തൂർ ഭട്ടപാദർ പ്രാർത്ഥിച്ചപോലെ

‘വിധൂയക്ലേശാൻ മേ
കുരുചരണയുഗ്മം ധൃതരസം
ഭവൽക്ഷേത്രപ്രാപ്തൗ
കരമപി ച തേ പൂജനവിധൗ
ഭവന്മൂർത്ത്യാ ലോകേ നയന,മഥ തേ പാദതുളസീ
പരിഘ്രാണേ ഘ്രാണം, ശ്രവണമപി തേ ചാരുചരിതേ’

എന്ന് നന്ദിനി ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നുവോ ? അറിയില്ല, താൻ ഏതോ വനാന്തരങ്ങളിൽ കാടു കുലുക്കി അട്ടഹസിച്ച് നടക്കേണ്ട ജന്മം ഇവിടെയിതാ ഈ ഗുരുവായൂരപ്പന്റെ സന്നിധിയിൽ ഏതോ മുജ്ജന്മ സുകൃതത്താൽ നടതളളപ്പെട്ടു. 12 വർഷം മുമ്പ് കോട്ടയം കൊടുങ്ങൂർ ക്ഷേത്രസന്നിധിയിൽവെച്ച് ഭക്തജനസാന്നിദ്ധ്യത്തിൽ ഗുരുവായൂരപ്പന്റെ ലക്ഷണമൊത്ത പിടിയാന നന്ദിനിക്ക് ഗജറാണിപ്പട്ടം നൽകി ആദരിച്ചു. ഈ ദിവ്യ സന്നിധിയിൽ എത്തുമ്പോൾ തനിക്കുണ്ടായിരുന്ന കഴുത്തിലെ നീര് നിശ്ശേഷം നശിപ്പിച്ച ഗുരുവായൂരപ്പനോടുള്ള കടപ്പാടാണോ ,നന്ദിനിയുടേത്.. ഒന്നുറപ്പാണ് ഗുരുവായൂരപ്പൻ ശിരസ്സിലേറിയാൽ പണ്ട് കഴുത്തിന് നീര് വന്ന് ചികിത്സിച്ച വാതാലയേശന്റെ ഉത്സവച്ചടങ്ങുകൾ ആചാരപ്പെരുമയോടെ, കൃത്യനിഷ്ഠയോടെ അതേ സംസ്ഥാനത്തുള്ള കഴുത്ത് കുലുക്കി ഓടിയിരുന്ന നന്ദിനിക്ക് ഗുരുപവനപുരത്തിലെ സാന്നിധ്യം ജന്മസാഫല്യംതന്നെ.

“ലോകത്തിലെ പരമപാമരനെന്നുവേണ്ട
മൂകന്നുപോലുമൊരു രക്ഷ
മുരാരി നാമം”

ഈ അന്തരീക്ഷത്തിലെ നാമസംകീർത്തനത്തിന്റെ ശബ്ദം ശ്രവണം ചെയ്ത് ഇന്ന് 2025 ഏപ്രിൽ 12… ഗുരുവായൂരപ്പന്റെ പാദങ്ങളിൽ ഗജറാണി നന്ദിനി വിലയം പ്രാപിച്ചു. നന്ദിനി ഓർമ്മയായി…ഭക്തജനങ്ങൾക്കും, ആന പ്രേമി കൾക്കും, ദേശവാസികൾക്കും ഗുരുവായൂരപ്പന്റെ മണ്ഡലശീവേലിയും, പള്ളിവേട്ടയും, ആറാട്ടും, നന്ദിനിയുടെ നല്ല നല്ല ഓർമ്മകളെ ബാക്കിയാക്കി…

https://www.facebook.com/guruvayurdevaswom/posts/984751520509381?ref=embed_post

Print Friendly, PDF & Email

Leave a Comment

More News