
കണ്ണൂർ: വംശീയാതിക്രമത്തിന് വേണ്ടി രാജ്യത്തെ ഭരണകൂടം ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തിയാക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് പറഞ്ഞു. കോടതികളിൽ നിന്ന് ഏകപക്ഷീയ വിധികൾ വരുന്നു. ഭരണാധികാരികൾ വഴിമാറുമ്പോൾ ചോദ്യങ്ങളുയർത്തേണ്ട മുഖ്യധാര മാധ്യമങ്ങളെ ഭരണകൂടം കൈപ്പിടിയിലൊതുക്കിയിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
കെ.കെ.കൊച്ച് നഗറിൽ (വിറാസ് കാമ്പസ്, പഴയങ്ങാടി) നടന്ന ഫ്രറ്റേണിറ്റി സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
സംഘ്പരിവാറിൻ്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് ഏറ്റവും ഒടുവിൽ പാലക്കാട് നഗരസഭയിൽ നടന്നത്. മുസ് ലിം ജനവിഭാഗങ്ങളുടെ സ്വത്തുവകകൾ തകർക്കുക എന്നത് മാത്രമല്ല രാജ്യത്തെ പിന്നോക്ക ജനവിഭാഗങ്ങളുടെ നിഷ്ക്കാസനം തന്നെയാണ് വഖഫ് ഭേദഗതി നിയമത്തിൻ്റെ മറവിലൂടെ സംഘ്പരിവാർ ലക്ഷ്യംവെക്കുന്നത്. എത്ര വർഗീയത പറഞ്ഞാലും തൊട്ടുതലോടുന്ന ഒരു സർക്കാർ സംസ്ഥാനത്തുള്ളതാണ് . വെള്ളാപ്പള്ളിക്കും പി.സി ജോർജിനും ധൈര്യം പകരുന്നത്. സംസ്ഥാന കേരളോത്സവത്തിലെ ഘോഷയാത്രയിൽ മുസ് ലിം വിരുദ്ധ ടാബ്ലോ അവതരിപ്പിച്ചത് ഇസ് ലാമോഫോബിയ അജണ്ടകളുടെ തുടർച്ചയാണ്.
രാജ്യത്ത് നിലനിൽക്കുന്ന സാമൂഹിക നീതിനിഷേധങ്ങൾക്കും അവകാശ ലംഘനങ്ങൾക്കുമെതിരെ ശക്തമായ വിദ്യാർത്ഥി -യുവജന പ്രക്ഷോഭങ്ങൾ പുതിയ മാനങ്ങളിൽ കൂടുതൽ ശക്തമായി ഉയർന്നുവരണമെന്നും അവർ കൂട്ടിച്ചേർത്തു. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി മുഹമ്മദ് സഈദ് ടി.കെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഗോപു തോന്നക്കൽ സ്വാഗതം പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ഫൈസൽ മാടായി ആശംസകളർപ്പിച്ചു സംസാരിച്ചു.
ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന സംഗമത്തിൽ വിവിധ സെഷനുകളിലായി എസ്. ഇർഷാദ്, ഡോ. സാദിഖ് പി.കെ, സജീദ് ഖാലിദ്, ബാബുരാജ് ഭഗവതി, ഡോ. എ.കെ.വാസു, താഹിർ ജമാൽ, അഡ്വ. കെ.എസ് നിസാർ എന്നിവർ സംസാരിക്കും. വഖഫ് ഭേദഗതി നിയമത്തിനെതിരെ സമ്മേളന നഗരിയിൽ പ്രതിഷേധ ചത്വരം സംഘടിപ്പിച്ചു.