
കണ്ണൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു ഫലപ്രഖ്യാപനങ്ങൾക്ക് മുമ്പുതന്നെ മലബാറിലെ ഹയർസെക്കൻഡറി, ഉന്നതവിദ്യാഭ്യാസ മേഖലകളിലെ സീറ്റ് പ്രതിസന്ധി പൂർണമായും പരിഹരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ ആവശ്യപ്പെട്ടു. ആവശ്യാനുസരണമുള്ള അധിക ബാച്ചുകൾ മുൻകൂട്ടി അനുവദിക്കില്ലെന്ന സർക്കാർ തീരുമാനം അംഗീകരിക്കില്ല. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ ശക്തമായ വിദ്യാർത്ഥി പ്രതിഷേധം നേരിടേണ്ടി വരും. മന്ത്രിമാരെ തെരുവിൽ തടയുന്നതടക്കമുള്ള പ്രതിഷേധങ്ങൾക്ക് ഫ്രറ്റേണിറ്റി നേതൃത്വം നൽകും. പുതിയ ദേശീയ വിദ്യാഭ്യാസ നയം ആശങ്കകൾ പരിഹരിച്ച് മാത്രമേ സംസ്ഥാനത്ത് നടപ്പിൽ വരുത്താവൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് ദിവസമായി പഴയങ്ങാടി വിറാസ് കാമ്പസിലെ കെ.കെ.കൊച്ച് നഗറിൽ നടന്ന ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന നേതൃസംഗമത്തിൽ സമാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി സുനിൽകുമാർ അട്ടപ്പാടി അധ്യക്ഷത വഹിച്ചു. ഫാത്തിമ തഹാനി നന്ദി പറഞ്ഞു.
സംഗമത്തിന് മുഹമ്മദ് സഈദ്, ഗോപു തോന്നക്കൽ, ബാസിത് താനൂർ, അമീൻ റിയാസ്, ഷമീമ സക്കീർ, ലബീബ് കായക്കൊടി, കെ.എം.സാബിർ അഹ്സൻ, മുഫീദ് കൊച്ചി, മുനീബ് എലങ്കമൽ, രഞ്ജിത ജയരാജ്, അഡ്വ. അലി സവാദ്, ആഷിഖ് ടി.എം, സഹ് ല ഇ.പി, മിസ്ഹബ് ശിബിലി എന്നിവർ നേതൃത്വം നൽകി.