ഇന്ന് വിഷു, ഐശ്വര്യവും സമ്പത്തും നിറഞ്ഞ ഒരു പുതിയ യുഗത്തിനായുള്ള പ്രാർത്ഥനയുടെയും പ്രത്യാശയുടെയും ദിനം. വിഷുക്കണി കണ്ടും വിഷു കൈനീട്ടം നല്‍കിയും ഇന്ന് നാടെങ്ങും വിഷു ആഘോഷിക്കുന്നു. കാർഷിക സമൃദ്ധിക്കും ഐശ്വര്യത്തിലേക്കും കണ്ണുകൾ തുറക്കുന്ന പ്രത്യാശയുടെ ദിവസമാണ് വിഷു. മേട മാസത്തിലെ വിഷുപ്പുലരിയിൽ കാണുന്ന കണിയുടെ പുണ്യവും സൗഭാഗ്യവും വർഷം മുഴുവൻ നിലനിൽക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
വിഷുദിനത്തിൽ ദർശനത്തിനായി വിവിധ ക്ഷേത്രങ്ങളിൽ വിപുലമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. വിഷു ആഘോഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ് വിഷുക്കണി. വരും വർഷത്തിൽ നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരിക എന്നതാണ് കണി കാണുക എന്ന ആശയം. അതിനാൽ, പച്ചക്കറികൾ, പഴങ്ങൾ, പുതിയ വസ്ത്രങ്ങൾ എന്നിവ ഉപയോഗിച്ചാണ് വിഷുക്കണി തയ്യാറാക്കുന്നത്, ഇവയെല്ലാം സമൃദ്ധിയുടെ പ്രതീകമാണ്.
വിഷുത്തലേന്നു തന്നെ വീടുകളിലും ക്ഷേത്രങ്ങളിലും കണിയൊരുക്കങ്ങൾ നടത്തുന്നു. കാർഷിക സമൃദ്ധിയുടെ നിറ കാഴ്ചകളുമായാണ് കണി ഒരുക്കുന്നത്. പരമ്പരാഗത രീതി അനുസരിച്ച് നിലവിളക്കിനു മുന്നിൽ ഓട്ടുരുളിയിൽ കുത്തരി നിറച്ച് അതിനു മുകളിൽ കണിക്കൊന്ന പൂവും മാങ്ങയും ചക്കയും നാളികേരവും ഉൾപ്പെടെയുള്ള ഫല വർഗങ്ങളും ഗ്രന്ഥവും നാണയവും കണ്ണാടിയും കോടി മുണ്ടുമെല്ലാം വച്ചാണ് കണിയൊരുക്കുക. ഭഗവാന്റെ വിഗ്രഹം അല്ലെങ്കിൽ ചിത്രവും ഒപ്പം വയ്ക്കും. ഇന്ന് പുലർച്ചെ നിലവിളക്ക് തെളിച്ചാണു കണി കാണൽ. തുടർന്നു കുടുംബത്തിലെ മുതിർന്നവർ കൈനീട്ടം നൽകും.