ന്യൂഡൽഹി: അന്തർ സംസ്ഥാന മനുഷ്യക്കടത്ത് സംഘത്തിലെ മൂന്ന് പേരെ ഡൽഹി പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. അവരിൽ നിന്ന് ഒരു നവജാത ശിശുവിനെയും രക്ഷപ്പെടുത്തി. കുഞ്ഞിന് 3 മുതൽ 4 ദിവസം വരെ മാത്രം പ്രായമുള്ളതാണെന്ന് പോലീസ് പറഞ്ഞു. ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കുഞ്ഞുങ്ങളെ കൊണ്ടുവന്ന് ഡൽഹി എൻസിആറിലെ കുടുംബങ്ങൾക്ക് വിതരണം ചെയ്തിരുന്ന സംഘത്തെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
രണ്ട് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെട്ട സംഘമാണ് അറസ്റ്റിലായത്. സ്ത്രീകളിലൊരാൾ മുൻപ് സമാനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിരുന്നു എന്നും പോലീസ് പറഞ്ഞു.
ദ്വാരക ആസ്ഥാനമായുള്ള പോലീസിലെ സ്‌പെഷ്യൽ ടീമിന് മനുഷ്യക്കടത്ത് ശൃംഖലയെക്കുറിച്ച് രഹസ്യ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ 20-ലധികം സംശയാസ്പദമായ നമ്പറുകളുടെ കോൾ വിശദാംശങ്ങൾ പരിശോധിക്കുകയും സംശയിക്കപ്പെട്ടവരെ ഏകദേശം 20 ദിവസത്തേക്ക് നിരീക്ഷണത്തിലാക്കുകയും ചെയ്തു.
2025 ഏപ്രിൽ 8 ന് ഡൽഹിയിലെ ഉത്തം നഗറിൽ നിന്ന് മൂന്ന് പേരെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. അവരിൽ നിന്ന് ഒരു നവജാത ശിശുവിനെ കണ്ടെത്തി, കുഞ്ഞിന് 3-4 ദിവസം പ്രായം വരുമെന്ന് പറയപ്പെടുന്നു.
ഉത്തം നഗർ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ നമ്പർ 178/25 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 143(4), 61(2), 3(5) എന്നിവ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 81 പ്രകാരവുമാണ് ഇത് രജിസ്റ്റർ ചെയ്തത്.
സരോജ് എന്ന സ്ത്രീയുടെ നിർദ്ദേശപ്രകാരമാണ് തങ്ങൾ പ്രവർത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ അറസ്റ്റിലായവര്‍ പറഞ്ഞതായി ദ്വാരക ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) അങ്കിത് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ഗുണ്ടാ നേതാവ് സരോജിന്റെ നിർദ്ദേശപ്രകാരം, തങ്ങളും കൂട്ടാളികളും ചേർന്ന് രാജസ്ഥാനിൽ നിന്നും ഗുജറാത്തിൽ നിന്നും നവജാത ശിശുക്കളെ കൊണ്ടുവന്ന് ഡൽഹിയിലെ സമ്പന്ന കുടുംബങ്ങൾക്ക് ഏകദേശം 5-10 ലക്ഷം രൂപയ്ക്ക് വിൽക്കാറുണ്ടെന്ന് ചോദ്യം ചെയ്യലിൽ അവര്‍ വെളിപ്പെടുത്തി .
കുട്ടിയുടെ മാതാപിതാക്കളെയും ഗുണ്ടാ നേതാവ് സരോജിനെയും മറ്റ് കൂട്ടാളികളെയും കണ്ടെത്താൻ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.