ജാമിഅ മർകസ് അധ്യയന വർഷത്തിന് തുടക്കം; തിരുചര്യകൾ ഉൾക്കൊണ്ട് ജീവിതം ക്രമീകരിക്കണം: കാന്തപുരം

ജാമിഅ മർകസ് പഠനാരംഭം ഫൗണ്ടർ ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ആത്മീയതയും ധാർമികതയും സത്യസന്ധതയും നന്മകളും ഉൾക്കൊള്ളുന്ന തിരുചര്യകൾ അനുധാവനം ചെയ്ത ജീവിതം ക്രമീകരിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് മർകസ് ഫൗണ്ടർ ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ജാമിഅ മർകസിന് കീഴിലെ വിവിധ കുല്ലിയ്യകളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ 2025-2026 അക്കാദമിക വർഷത്തെ പഠനാരംഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് നബി(സ്വ)യുടെ മാതൃകാ ജീവിതം പങ്കുവെക്കുന്ന ഹദീസുകൾ ജീവിതത്തിൽ പകർത്താനാണ് വിദ്യാർഥികൾ മത്സരിക്കേണ്ടത്. അത്തരം ജീവിതത്തിനാണ് അർഥവും വിജയവും ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.19 സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആയിരത്തിലധികം വിദ്യാർഥികൾക്ക് വിശ്രുത ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് ചൊല്ലികൊടുത്താണ് ഉസ്താദ് പഠനാരംഭം കുറിച്ചത്.

മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ വിവിധ ഡിപ്പാർട്ടമെന്റ് മേധാവികളും അധ്യാപകരും പങ്കെടുത്തു. തഖസ്സുസ്, കുല്ലിയ്യ ഉസൂലുദ്ദീൻ, കുല്ലിയ്യ ശരീഅ, കുല്ലിയ്യ ലുഗ അറബിയ്യ, കുല്ലിയ്യ ദിറാസത്തുൽ ഇസ്‌ലാമിയ്യ വൽ ഇജ്തിമാഇയ്യ തുടങ്ങിയ ഫാക്കൽറ്റികളിലായി 550 വിദ്യാർഥികളാണ് ഈ വർഷം പുതുതായി പ്രവേശനം നേടിയത്. സമീപകാലത്ത് വിടപറഞ്ഞ അധ്യാപകരെയും മർകസ് സ്ഥാപക നേതാക്കളെയും ചടങ്ങിൽ അനുസ്മരിച്ചു. വിദ്യാർഥികൾക്കുള്ള ഓറിയന്റേഷനും രക്ഷാകർതൃ സംഗമവും പരിപാടിയോടനുബന്ധിച്ചു നടന്നു.

ജാമിഅ മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സന്ദേശ പ്രഭാഷണം നടത്തി. വിപിഎം ഫൈസി വില്യാപ്പള്ളി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, അബ്ദുല്ല സഖാഫി മലയമ്മ, ഉമറലി സഖാഫി എടപ്പുലം തുടങ്ങി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗങ്ങളും സീനിയർ മുദരിസുമാരും സംസാരിച്ചു. ചടങ്ങിൽ അബ്‌ദുറഹ്‌മാൻ ഫൈസി മാരായമംഗലം, പി.സി അബ്ദുല്ല മുസ്‌ലിയാർ, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, നൗശാദ് സഖാഫി കൂരാറ, അബ്ദുൽ ഗഫൂർ അസ്ഹരി പാറക്കടവ്, ബശീർ സഖാഫി കൈപ്പുറം, അബൂബക്കർ സഖാഫി പന്നൂർ, അബ്‌ദുറഹ്‌മാൻ സഖാഫി വാണിയമ്പലം, സത്താർ കാമിൽ സഖാഫി, സുഹൈൽ അസ്‌ഹരി, സയ്യിദ് ജസീൽ ശാമിൽ ഇർഫാനി, മുഹമ്മദ് അസ്‌ലം സഖാഫി സംബന്ധിച്ചു.

Print Friendly, PDF & Email

Leave a Comment

More News