വഖഫ് നിയമത്തിന്റെ പേരില്‍ മുനമ്പത്ത് നടന്നത് നിര്‍ഭാഗ്യകരം; നിയമം മുസ്ലീങ്ങൾക്ക് എതിരല്ലെന്ന് കേന്ദ്ര മന്ത്രി

കൊച്ചി: വഖഫ് നിയമം മുസ്ലീങ്ങൾക്ക് എതിരല്ലെന്നും ഒരു വിഭാഗത്തെയും ലക്ഷ്യം വച്ചുള്ളതല്ലെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീങ്ങൾക്കെതിരായ നീക്കമാണിതെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ടെന്നും വർഷങ്ങളായി ചെയ്ത തെറ്റ് സർക്കാർ തിരുത്തുകയായിരുന്നു എന്നും കേന്ദ്രമന്ത്രി പറഞ്ഞു. മുനമ്പത്ത് നടന്ന സംഭവം നിര്‍ഭാഗ്യകരമാണെന്നും, രാജ്യത്ത് ഒരിടത്തും അത് ആവർത്തിക്കില്ലെന്നും, മുനമ്പത്തെ ജനങ്ങൾക്ക് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭൂമിയുടെ ഉടമസ്ഥാവകാശം നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് നീതി ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം ഭേദഗതി ചെയ്തിരുന്നില്ലെങ്കിൽ, ഏതൊരു ഭൂമിയും വഖഫ് ഭൂമിയായി മാറുമായിരുന്നു. മുനമ്പത്ത് നടന്ന സംഭവം രാജ്യത്ത് ഒരിടത്തും ആവർത്തിക്കില്ലെന്ന് കിരൺ റിജിജു വ്യക്തമാക്കി.

മുനമ്പത്തെ ഭൂമി കൈമാറ്റം ചെയ്യപ്പെട്ടു. ഇത് വഖഫിന് എതിരാണ്. ഹൈക്കോടതി ഉത്തരവിനെതിരെ പുതിയ നിയമപ്രകാരം സുപ്രീം കോടതിയെ സമീപിക്കാം. സംസ്ഥാന സർക്കാർ തുടർനടപടികൾ സ്വീകരിക്കണം. എറണാകുളം കളക്ടർ മുനമ്പം രേഖകൾ പുനഃപരിശോധിക്കണം. സർക്കാർ ഇതിന് നിർദ്ദേശം നൽകണം.

മുനമ്പത്ത് യുഡിഎഫും എൽഡിഎഫും വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കരുത്. മുസ്ലീങ്ങൾ കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റുകളുടെയും വോട്ട് ബാങ്കായി മാറരുത്. ബിജെപിയുടെ പേര് പറഞ്ഞ് എത്ര കാലം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

മുനമ്പം വിഷയം തന്നെ എന്നെ വല്ലാതെ അസ്വസ്ഥനാക്കി. ഉത്തരവാദിത്തമുള്ള ഒരു സർക്കാർ എന്ന നിലയിൽ നിർണായകമായ നടപടി സ്വീകരിച്ചു. നിയമ ഭേദഗതിയിലൂടെ സെക്ഷൻ 40 ഇല്ലാതാക്കി. വിശദമായ ചർച്ചയ്ക്ക് ശേഷമാണ് ബിൽ അവതരിപ്പിച്ചത്. മുനമ്പം പോലുള്ള വിഷയം ഇനി ആവർത്തിക്കില്ല. ഇനി വാമൊഴിയായി പ്രഖ്യാപിച്ചാൽ അത് വഖഫ് ഭൂമിയായി മാറില്ല. പകരം രേഖ ആവശ്യമാണെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

ചിത്രങ്ങള്‍ക്ക് കടപ്പാട്: Office of Kiren Rijiju @RijijuOffice

Print Friendly, PDF & Email

Leave a Comment

More News