
അട്ടപ്പാടി: ‘വംശീയത നിയമമാവുമ്പോൾ അംബേദ്ക്കറും ഭരണഘടനയും പ്രതിരോധ വഴിയാക്കുക’ എന്ന തലക്കെട്ടിൽ അംബേദ്ക്കർ ജയന്തിയോടനുബന്ധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംഘടിപ്പിക്കുന്ന ക്യാമ്പയിൻ്റെ സംസ്ഥാന തല ഉദ്ഘാടനം അട്ടപ്പാടി കുലുക്കൂരിൽ സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ നിർവഹിച്ചു. രാജ്യം ഭരിക്കുന്നവരുടെ നേതൃത്വത്തിൽ വംശീയതയും ന്യൂനപക്ഷ വേട്ടയും നടമാടുമ്പോൾ അംബേദ്ക്കറിയൻ ചിന്തകൾക്കും മാതൃകകൾക്കും പ്രസക്തിയേറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കൂട്ടി. പ്രവർത്തകർ പ്രസിഡൻ്റിനെ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. വൈസ് പ്രസിഡൻ്റുമാരായ അമീൻ റിയാസ്, കെ.എം.സാബിർ അഹ്സൻ എന്നിവരും സഹ് ല ഇ.പി, ആബിദ് വല്ലപ്പുഴ, റസീന ആലത്തൂർ, ഊര് മൂപ്പൻ രംഗസ്വാമി, മൂപ്പത്തി പുഷ്പ എന്നിവരും സംസാരിച്ചു. വിദ്യാർത്ഥികളുടെ കല – കായിക പരിപാടികൾ നടന്നു. മധുരം വിതരണം ചെയ്തു.
അംബേദ്ക്കർ ജയന്തിയോടനുബന്ധിച്ച് സാഹോദര്യ സംഗമങ്ങൾ, ചർച്ച സംഗമങ്ങൾ, വിവിധ മത്സരങ്ങൾ അടക്കമുള്ള വ്യത്യസ്ത പരിപാടികൾ ഫ്രറ്റേണിറ്റി സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുമെന്ന് സെക്രട്ടറിയേറ്റ് അറിയിച്ചു.