മാലി: ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾക്ക് ഏറ്റവും മികച്ച ഹണിമൂൺ ഡെസ്റ്റിനേഷനായി മാലിദ്വീപ് തുടരുന്നു. എല്ലാ വർഷവും 15 ലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് ഇവിടെ സന്ദർശിക്കാൻ എത്തുന്നത്. പക്ഷേ, ഇപ്പോള്‍ ഇസ്രായേലിന് ഈ രാജ്യത്തിന്റെ വാതിലുകൾ അടച്ചു. ചൊവ്വാഴ്ച മാലദ്വീപ് ഇസ്രായേലി വിനോദസഞ്ചാരികൾക്ക് വിലക്ക് പ്രഖ്യാപിക്കുകയും പലസ്തീന് “ഉറച്ച ഐക്യദാർഢ്യം” ആവർത്തിക്കുകയും ചെയ്തു.
2025 ഏപ്രിൽ 15 ന് പാർലമെന്റ് പാസാക്കിയ മാലിദ്വീപ് കുടിയേറ്റ നിയമത്തിലെ മൂന്നാം ഭേദഗതി മുയിസു അംഗീകരിച്ചതായി പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറഞ്ഞു. പലസ്തീൻ ജനതയ്‌ക്കെതിരെ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾക്കും വംശഹത്യയ്ക്കുമെതിരെയുള്ള സർക്കാരിന്റെ ‘ഉറച്ച നിലപാട്’ ഈ നടപടി പ്രതിഫലിപ്പിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
മാലിദ്വീപിലേക്ക് വിനോദസഞ്ചാരികളെ അയക്കുന്ന മികച്ച പത്ത് രാജ്യങ്ങളിൽ ഇസ്രായേൽ ഇല്ലെന്ന് മാലിദ്വീപ് ടൂറിസം വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. കണക്കുകൾ പ്രകാരം, ഈ വർഷം 2025 ഏപ്രിൽ 14 വരെ 729,932 വിനോദസഞ്ചാരികൾ മാലിദ്വീപ് സന്ദർശിച്ചു. അവരിൽ 70 ശതമാനവും ദ്വീപ് റിസോർട്ടുകളിൽ താമസിച്ചു. വിനോദസഞ്ചാരികളിൽ 11 ശതമാനത്തിലധികം പേർ ചൈനയിൽ നിന്നും 5 ശതമാനം പേർ ആറാം സ്ഥാനത്തുള്ള ഇന്ത്യയിൽ നിന്നുമാണ് വന്നത്. ഇസ്രായേലി വിനോദ സഞ്ചാരികൾക്കുള്ള വിലക്ക് മാലിദ്വീപിന്റെ സമ്പദ്‌വ്യവസ്ഥയെ വലിയ തോതിൽ ബാധിക്കാൻ പോകുന്നില്ല. കാരണം, ഇസ്രായേലി വിനോദസഞ്ചാരികൾ ഇതിനകം തന്നെ ഇവിടെ ചെറിയ തോതിൽ മാത്രമേ വരുന്നുള്ളൂ.
പലസ്തീനെ പിന്തുണച്ച് നടന്ന പ്രതിഷേധങ്ങൾക്ക് ശേഷമാണ് മാലിദ്വീപ് സർക്കാർ ഈ നടപടി സ്വീകരിച്ചത്. ഇസ്രായേലി ആക്രമണങ്ങൾക്കെതിരെ രാജ്യത്തെ തെരുവുകളിൽ പ്രതിഷേധങ്ങൾ നടക്കുകയാണ്, മാലദ്വീപിലെ ജനങ്ങൾ വളരെക്കാലമായി ഇസ്രായേലിനെ ബഹിഷ്‌കരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു.