കോട്ടയം: കോട്ടയം അയർക്കുന്നത്ത് അമ്മയും കുട്ടികളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ കുടുംബം രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് അഞ്ച് വയസ് പ്രായമുള്ള നേഹയെയും ഒരു വയസുകാരി നോറയെയും കൂട്ടി നീറിക്കാട് സ്വദേശി ജിസ്മോൾ ജീവനൊടുക്കിയത്. മുത്തോലി പഞ്ചായത്ത് മുൻ പ്രസിഡന്റാണ് മരിച്ച ജിസ്മോൾ. കുംടുബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം.
മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും നീതി ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്നും ജിസ്മോളുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ജിസ്‌മോളുടെ ഭർത്താവിന്റെ വീട്ടിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഭർത്താവ് ജിസ്മോളെ മർദ്ദിച്ചിരുന്നതായി ജിസ്‌മോളുടെ സഹോദരൻ ജിറ്റു പറഞ്ഞു.
ഭർത്താവിന്റെ അമ്മയുടെ സഹോദരിയും ഭർത്താവിന്റെ വീട്ടിൽ വെച്ച് ജിസ്‌മോളെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്നും, ആവശ്യമായ പണമൊന്നും ജിസ്‌മോള്‍ക്ക് നൽകിയിരുന്നില്ലെന്നും, അവരാണ് ജിസ്‌മോളെയും മക്കളെയും മരണത്തിലേക്ക് തള്ളിവിട്ടതെന്നും കുടുംബം ആരോപിച്ചു.
പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, മൂന്ന് പേരുടെയും മരണകാരണം ശ്വാസകോശത്തിലെ വെള്ളമായിരുന്നു. ജിസ്മോളുടെ കൈയിലെ ഞരമ്പ് മുറിഞ്ഞിരുന്നു. രണ്ട് കുട്ടികളുടെയും ശരീരത്തിൽ അണുനാശിനിയുടെ അംശം കണ്ടെത്തി. നദിയിലേക്ക് ചാടുന്നതിന് മുമ്പ് ജിസ്മോള്‍ തന്റെ കുട്ടികൾക്ക് വിഷം നൽകിയിരുന്നു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.