സിനിമാ സെറ്റുകളിലെ ലഹരി – എക്സൈസ് വകുപ്പിന്‍റേത് കുറ്റകരമായ അനാസ്ഥ: കെ. ആനന്ദകുമാര്‍

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തെപ്പറ്റി പല തവണ പല തലത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും, കാര്യമായ നടപടി സ്വീകരിക്കാത്ത എക്സൈസ് വകുപ്പ് കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ ആരോപിച്ചു.

കേരളമാകെ ലഹരി പിടിമുറുക്കമ്പോള്‍, ലഹരിയെ “ഗ്ലാമറൈസ്” ചെയ്യുന്ന വിധത്തില്‍ പെരുമാറുന്ന ചില ചലച്ചിത്ര പ്രവര്‍ത്തകര്‍ സമൂഹത്തിനുതന്നെ അപകടകാരികള്‍ ആണ്.

ചലച്ചിത്രങ്ങളുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട വിവിധ ഇടങ്ങളില്‍ റെയ്ഡ് നടത്തുന്നതിനെ എല്ലാ ചലച്ചിത്ര സംഘടനകളും അനുകൂലിച്ചിട്ടും അതിന് തയ്യാറാകാത്ത എക്സൈസ് വകുപ്പ്, ലഹരിക്ക് കുടപിടിക്കുകയാണ്.

‘ലഹരിമൂത്ത’ ഒരു ചലച്ചിത്ര നടനില്‍ നിന്നും ഉണ്ടായ മോശപ്പെട്ട അനുഭവം കഴിഞ്ഞ ദിവസം ഒരു ചലച്ചിത്ര നടി വെളിപ്പെടുത്തിയിട്ടും, പരാതി ലഭിച്ചാല്‍ മാത്രം നടപടി എന്ന ചില എക്സൈസ് ഉദ്യോഗസ്ഥരുടെ നിലപാട്, ധിക്കാരവും നിരുത്തരവാദപരവുമാണ്.

മുഖ്യമന്ത്രിയും സര്‍ക്കാരും അടക്കം കേരളം ഒന്നാകെ ലഹരിക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ചിട്ടും, ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന പ്രധാനപ്പെട്ട ചില ചലച്ചിത്ര പ്രവര്‍ത്തകരെ വെള്ള പൂശാനുള്ള ശ്രമങ്ങളാണ് ചിലര്‍ നടത്തിവരുന്നത്.

ലഹരിക്ക് അടിമകളായ ഇത്തരം നടീനടന്മാരെ വച്ച് സിനിമ ചെയ്യുന്നവരുടേയും, ഈ ‘ലഹരിവീരന്മാരെ’ എല്ലാ രീതിയിലും പിന്തുണയ്ക്കുന്ന പ്രമുഖരുടേയും പേരുകള്‍ പുറത്ത് വിടാന്‍, എക്സൈസ് വകുപ്പ് തയ്യാറാകണമെന്നും ആനന്ദകുമാര്‍ ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News