ന്യൂഡല്‍ഹി: വ്യാഴാഴ്ച രാത്രി ഡൽഹിയിലെ സീലംപൂർ പ്രദേശത്ത് 17 വയസ്സുകാരന്‍ കുനാലിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ, പ്രശസ്ത ‘ലേഡി ഡോൺ’ സിക്ര ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, സംഭവത്തിലെ രണ്ട് പ്രധാന പ്രതികൾ ഇപ്പോഴും ഒളിവിലാണ്, അവർക്കായി തിരച്ചിൽ തുടരുകയാണ്.
കുനാലിന്റെ പിതാവ് രാജ്ബീറിന്റെ അഭിപ്രായത്തിൽ സിക്ര നേരത്തെ മകനെ ഭീഷണിപ്പെടുത്തിയിരുന്നു. സിക്ര തന്റെ ആധിപത്യ പ്രതിച്ഛായയ്ക്കും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾക്കും പേരുകേട്ടവളാണ്. അടുത്തിടെ അറസ്റ്റിലായ ഗുണ്ടാസംഘം ഹാഷിം ബാബയുടെ ഭാര്യ സോയയുമായും ഇവരുടെ പേര് ബന്ധപ്പെട്ടിരിക്കുന്നു. സോയ ജയിലിലായതിനുശേഷം സിക്ര സ്വന്തമായി ഒരു സംഘം രൂപീകരിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
പാൽ വാങ്ങാൻ കടയിലേക്ക് പോയ കുനാലിനെ നാലോ അഞ്ചോ പേർ വളഞ്ഞിട്ട് കത്തി ഉപയോഗിച്ച് ആക്രമിച്ചതായി പോലീസ് പറഞ്ഞു. പരിക്കേറ്റ നിലയിൽ കുനാലിനെ കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിച്ചപ്പോൾ മരിച്ചതായി പ്രഖ്യാപിച്ചു. ആയുധ നിയമപ്രകാരം ജയിലിലായ സിക്ര ജയിലിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷം എപ്പോഴും ഒരു പിസ്റ്റൾ കൈവശം വെച്ചിരുന്നു എന്ന് പോലീസ് പറഞ്ഞു.
വിവരം അനുസരിച്ച്, സിക്ര തന്റെ സഹോദരനെ മർദ്ദിച്ച ലാല എന്ന വ്യക്തിയെ തിരയുകയായിരുന്നു. ലാലയെക്കുറിച്ച് കുനാലിനോട് ചോദിച്ചപ്പോള്‍ കുനാൽ സഹകരിക്കാതിരുന്നപ്പോഴാണ് ആക്രമിക്കപ്പെട്ടത്. കുനാൽ ഗിഹാര സമുദായത്തിൽ പെട്ടയാളായതിനാൽ ജാതി വിവേചനമാകാം കൊലപാതകത്തിന് കാരണമെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. കുറ്റവാളികളെ തൂക്കിക്കൊല്ലണമെന്നും, ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രദേശത്ത് പോലീസ് അർദ്ധസൈനിക വിഭാഗത്തെ വിന്യസിക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്യുന്നു.