തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. ജാഗ്രതാ നിർദ്ദേശത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നൽ മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവൻ, വൈദ്യുതി, ആശയവിനിമയ ശൃംഖലകൾ, വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന വീട്ടുപകരണങ്ങൾ എന്നിവയ്ക്ക് വലിയ നാശമുണ്ടാക്കുന്നു. അതിനാൽ, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം ഉണ്ടാകുമ്പോൾ തന്നെ സുരക്ഷിതമായ ഒരു കെട്ടിടത്തിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ നില്‍ക്കുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ശക്തമായ കാറ്റും ഇടിമിന്നലും ഉള്ള സമയങ്ങളിൽ ജനലുകളും വാതിലുകളും അടച്ചിടണമെന്നും നിര്‍ദ്ദേശങ്ങളില്‍ പറഞ്ഞു. കൂടാതെ, വാതിലുകളുടേയും ജനലുകളുടെയും അടുത്തു നിന്നും അകന്നു നിൽക്കുക. കെട്ടിടത്തിനുള്ളിൽ തന്നെ തുടരുക, ചുവരുകളിലോ തറയിലോ സ്പർശിക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക, വീട്ടുപകരണങ്ങൾ പ്ലഗ് ഊരിയിടുക, ഇടിമിന്നൽ സമയത്ത് വൈദ്യുത ഉപകരണങ്ങൾക്ക് സമീപം നിൽക്കുന്നത് ഒഴിവാക്കുക, ഇടിമിന്നൽ സമയത്ത് മരങ്ങൾക്കടിയിൽ നിൽക്കരുത്, മരങ്ങൾക്കടിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത് എന്നീ മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്.