ഗോകുലിൻ്റേത് വംശീയ കൊലപാതകം; സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുക: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

കൽപ്പറ്റ: അമ്പലവയൽ സ്വദേശി ഗോകുലിൻ്റെ കസ്റ്റഡി മരണം ആദിവാസികളോടുള്ള വംശീയതയുടെ തുടർച്ചയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്. സംഭവം വംശീയ കൊലപാതകമാണെന്നും സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും നേതാക്കൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഗോകുലിൻ്റെ മരണത്തിലെ ഉത്തരവാദികൾ ഭരണകൂടവും പോലീസുമാണ്. പെൺകുട്ടിയോടൊപ്പം കണ്ടെത്തിയെന്ന പേരിൽ മാർച്ച് 31ന് രാത്രി കോഴിക്കോട് വെച്ചാണ് പ്രായപൂർത്തിയാവാത്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് രക്ഷിതാക്കളെ അറിയിക്കുക പോലും ചെയ്യാതെ ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് രാത്രി 11.30നാണ് കൽപ്പറ്റ പോലീസ് ഗോകുലിനെ സ്റ്റേഷനിലെത്തിക്കുന്നത്. പ്രായപൂർത്തിയാകാത്തയാളെ ഇത്തരത്തിൽ കസ്റ്റഡിയിലെടുക്കുന്നത് നിയമവിരുദ്ധമാണ്. ബാലവകാശ കമീഷൻ വിഷയത്തിൽ സ്വമേധയാ കേസെടുക്കണം.

സ്റ്റേഷനിൽ വെച്ച് ഗോകുലിന് മാനസിക പീഡനം നേരിട്ടതായി വിവരങ്ങളുണ്ട്. സ്റ്റേഷനിലെ ബാത്ത്റൂമിലെ ഷവറിൽ ഷർട്ട് കെട്ടി അതിൽ തൂങ്ങിമരിച്ചെന്നുള്ള പോലീസ് വാദം അവിശ്വസനീയമാണ്. സമഗ്രാന്വേഷണം നടന്നാൽ മാത്രമേ സത്യാവസ്ഥ പുറത്തുവരൂ. രാജ്യത്ത് കസ്റ്റഡി മരണങ്ങളിൽ ഏറ്റവും കൂടുതൽ ഇരകളാക്കപ്പെട്ടത് പാർശ്വവത്കൃത വിഭാഗങ്ങളാണെന്ന് കണക്കുകളുണ്ട്. അതിൻ്റെ തുടർച്ച തന്നെയാണ് ഗോകുലും.

ആദിവാസികളോടുള്ള മലയാളിയുടെ വംശീയ മനോഭാവങ്ങളുടെ സമകാലീന ഇരകളാണ് അട്ടപ്പാടി മധുവും കൽപ്പറ്റയിലെ വിനായകനുമെല്ലാം. ഈ അന്വേഷണങ്ങളിലെല്ലാം എത്ര അലംഭവമാണ് നടന്നതെന്ന് നാം കണ്ടതാണ്. ഗോകുലിൻ്റെ മരണത്തിൽ ശരിയായ അന്വേഷണം നടക്കുന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉയരും.

എസ്.സി/എസ്.ടി വകുപ്പ് കൈകാര്യം ചെയ്യുന്ന ജില്ലയിൽ നിന്നുള്ള മന്ത്രി ഒ.ആർ.കേളു മൗനിയായി നോക്കി നിൽക്കുകയാണ്. കേവലം രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്യുക മാത്രമാണ് ചെയ്തത്. എന്നാൽ, ഗോകുലിൻ്റെ മരണത്തിൽ ഉത്തരവാദികളായ മുഴുവൻ പോലീസുകാർക്കെതിരെയും നടപടിയുണ്ടാവുകയും ശിക്ഷിക്കുകയും വേണം. കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ഗോകുലിൻ്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം നടത്തുക, ഉത്തരവാദികളായ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരെയും ശിക്ഷിക്കുക, കുടുംബത്തിന് നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഏപ്രിൽ 21 തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി വയനാട് കലക്ടറേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കും. നൂറുകണക്കിന് പ്രവർത്തകർ അണിനിരക്കുന്ന പരിപാടിയിൽ ഗോകുലിൻ്റെ കുടുംബാംഗങ്ങളും സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്നും നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

വാർത്ത സമ്മേളനത്തിൽ പങ്കെടുത്തവര്‍:

ലബീബ് കായക്കൊടി (Fraternity Movement State Vice President)
ആഷിഖ് ടി.എം (State Secretariate Member)
മുഹമ്മദ് ഷഫീഖ്.പി (Wayanad District General Secretary)
ഫർഹാൻ എ.സി (District Secretary)
ആർദർശ് (District Secretary)
ഷെർബിന ഫൈസൽ (District Secretariate Member )

Print Friendly, PDF & Email

Leave a Comment

More News