“ഗോകുലിൻ്റെ വംശീയ കൊലപാതകത്തിൽ സി.ബി.ഐ അന്വേഷണം നടത്തണം”; ഫ്രറ്റേണിറ്റി കലക്ടറേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് വയനാട് കലക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്

കൽപ്പറ്റ: മാർച്ച് 31ന് രാത്രി കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ നടന്ന അമ്പലവയലിലെ ആദിവാസി യുവാവ് ഗോകുലിൻ്റെ മരണം വംശീയ കൊലപാതകമാണെന്നും ഭരണകൂടവും പോലീസുമാണ് പ്രതികളെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ച് കുറ്റപ്പെടുത്തി. കലക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ സംഗമം വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു. പ്രായപൂർത്തിയാകാത്തയാളെ കസ്റ്റഡിയിലെടുക്കുമ്പോൾ രക്ഷിതാക്കളെയറിയിക്കണമെന്നതടക്കമുള്ള നിയപരമായ കാര്യങ്ങളൊന്നും പോലീസ് ചെയ്തില്ല. ഒരു പഴിനേഴുകാരനെ പാതിരാത്രിക്ക് എന്തടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനായി പോലീസ് സ്റ്റേഷനിലെത്തിച്ചത്. സംഭവത്തിൽ അടിമുടി ദുരൂഹതകളുണ്ട്. ഗോകുൽ ആത്മഹത്യ ചെയ്തെന്ന പോലീസ് ഭാഷ്യം ഒരു നിലക്കും വിശ്വാസ്യയോഗ്യമല്ല. പോലീസിന് വീഴ്ച പറ്റിയെന്ന് ജില്ല പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ തന്നെ പറയുന്നുണ്ട്. അട്ടപ്പാടി മധു, കൽപ്പറ്റയിലെ വിശ്വനാഥൻ അടക്കമുള്ള ആദിവാസി ജീവനുകളോട് അധികാര വിഭാഗവും പോലീസും പുലർത്തിയ നീതിനിഷേധങ്ങൾ തന്നെയാണ് ഗോകുലിൻ്റെ വിഷയത്തിലും നടക്കുന്നത്. എന്നാൽ, ശരിയായ അന്വേഷണം ഉണ്ടാകുന്നില്ലെങ്കിൽ അതിശക്തമായ പ്രതിഷേധം ഭരണകൂടവും പോലീസും നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഗോകുലിൻ്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം നടത്തുക, ഉത്തരവാദികളായ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരെയും ശിക്ഷിക്കുക, കുടുംബത്തിന് നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളാണ് മാർച്ചിൽ ഉയർത്തിയത്. ചുങ്കം ജങ്ഷനിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. കലക്ടറേറ്റ് പടിക്കൽ പോലീസ് മാർച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് പോലീസുമായി സംഘർഷത്തിനിടയാക്കി.

പ്രതിഷേധ സംഗമത്തിൽ ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ പ്രവർത്തകൻ ഡോ. പി.ജി.ഹരി, സാമൂഹിക പ്രവർത്തകൻ പ്രേംകുമാർ വയനാട്, ലബീബ് കായക്കൊടി, കെ.എം.സാബിർ അഹ്സൻ, ഫൈസൽ പി.എച്ച്, ആയിഷ മന്ന, മുഹമ്മദ് ഷെഫീഖ്.പി, ഫർഹാൻ എ.സി എന്നിവർ സംസാരിച്ചു. മുനീബ് എലങ്കമൽ, ആഷിഖ് ടി.എം, ആഷിഖ് നിസാർ, ദിൽഫ തസ്നീം, ഷർബിന ഫൈസൽ, ആദർശ് പനമരം, മുഹ്സിൻ മുഷ്താഖ് എന്നിവർ നേതൃത്വം നൽകി. ഗോകുലിൻ്റെ കുടുംബത്തെ ഫ്രറ്റേണിറ്റി നേതാക്കൾ സന്ദർശിച്ചു

 

Print Friendly, PDF & Email

Leave a Comment

More News