ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഗ്രാഫിക് ഡിസൈന്‍ പരിശീലനം ആരംഭിച്ചു

തിരുവനന്തപുരം: ഭിന്നശേഷിക്കാരില്‍ തൊഴില്‍ നൈപുണി വികസിപ്പിക്കുവാനും തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുവാനുമായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഗ്രാഫിക് ഡിസൈന്‍, എഡിറ്റിംഗ് പരിശീലന പദ്ധതി ആരംഭിച്ചു. ടൂണ്‍സ് അക്കാദമിയുടെ സഹകരണത്തോടെ ആരംഭിച്ച ഇമേജ് പദ്ധതിയിലെ രണ്ടാം ബാച്ചിന്റെ പ്രവേശനം അസാപ്പ് ചെയര്‍പേഴ്‌സണ്‍ ഉഷ ടൈറ്റസ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ആദ്യ ബാച്ചില്‍ ഗ്രാഫിക് ഡിസൈന്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ ഗൗതം ഷീന്‍ വരച്ച ഉഷാ ടൈറ്റസിന്റെ ഡിജിറ്റല്‍ ഇമേജ് അനാച്ഛാദനം ചെയ്താണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

അപാരമായ കഴിവുകളുടെ ഉടമകളായ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുക മാത്രമല്ല, അവര്‍ക്ക് ആവശ്യമായ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാനും അതുറപ്പുവരുത്തുവാനും സമൂഹം കൂടി ഉത്തരവാദിത്വമെടുക്കണമെന്ന് ഉദ്ഘാടനത്തിനിടെ അവര്‍ പറഞ്ഞു. ടൂണ്‍സ് മീഡിയാ ഗ്രൂപ്പ് സി.ഇ.ഒ പി.ജയകുമാര്‍, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഇന്റവെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സെന്ററിലെ 20 വിദ്യാര്‍ത്ഥികളാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ടൂണ്‍സ് അക്കാദമിയില്‍ നിന്നും വിദഗ്ദ്ധരായ അദ്ധ്യാപകരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കുവാനും അതിലൂടെ അവര്‍ക്ക് വരുമാനം കണ്ടെത്തുവാനും സ്വയംപര്യാപ്തരാകാനുമായാണ് തൊഴില്‍ പരിശീലന പദ്ധതി നടപ്പിലാക്കുന്നത്. ഇമേജ് പദ്ധതിയിലെ ആദ്യബാച്ചില്‍ 19 വിദ്യാര്‍ത്ഥികള്‍ വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News