പഹൽഗാം ഭീകരാക്രമണം: കേരള ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

2025 ഏപ്രിൽ 22 ചൊവ്വാഴ്ച രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ നിന്ന് കേരള ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

ജഡ്ജിമാരായ അനിൽ കെ. നരേന്ദ്രൻ, ജി. ഗിരീഷ്, പി.ജി. അജിത്കുമാർ എന്നിവർ കുടുംബസമേതം ജമ്മു കശ്മീരില്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്നു.

ഏപ്രിൽ 17 ന് സംസ്ഥാനത്തെത്തിയ എട്ടംഗ സംഘം ജില്ലയിൽ പര്യടനം നടത്തി തിങ്കളാഴ്ച (ഏപ്രിൽ 21, 2025) പഹൽഗാമിൽ എത്തി. പ്രദേശം സന്ദർശിച്ച് ചില പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം, സംഘം ആ ദിവസം പഹൽഗാമിൽ തങ്ങി. 25 ലധികം പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പ്, ചൊവ്വാഴ്ച (ഏപ്രിൽ 22, 2025) രാവിലെ 9.30 ന് അവർ സ്ഥലം വിട്ടു, ഉച്ചയോടെ ശ്രീനഗറിൽ എത്തി.

“കാലാവസ്ഥ സുഖകരമായിരുന്നു, തിങ്കളാഴ്ച തന്നെ ഞങ്ങൾ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മിക്ക സ്ഥലങ്ങളും സന്ദർശിച്ചു, അതിൽ ചില ക്ഷേത്രങ്ങളും ഉൾപ്പെടുന്നു. ഞങ്ങളെ ചുറ്റിക്കാണിച്ച വാഹനത്തിന്റെ ഡ്രൈവർ, പ്രദേശത്തെ കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഞങ്ങളെ കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍, ഞാൻ നേരത്തെ ഈ പ്രദേശം സന്ദർശിച്ചിരുന്നതിനാൽ ദാൽ തടാകത്തിൽ ബോട്ട് സവാരി നടത്താൻ ഇന്ന് തന്നെ ശ്രീനഗറിലേക്ക് മടങ്ങണമെന്ന് ഞാൻ നിർബന്ധിച്ചു, ഞങ്ങൾ സുരക്ഷിതമായി ശ്രീനഗറിൽ എത്തി,” ജസ്റ്റിസ് നരേന്ദ്രൻ പറഞ്ഞു.

“ഭീകരാക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഒരാളെ ശ്രീനഗറിലെ ഹോട്ടലിൽ വച്ച് ഞങ്ങൾ കണ്ടുമുട്ടി. ആക്രമണത്തിൽ അദ്ദേഹം ആകെ നടുങ്ങിപ്പോയി,” അദ്ദേഹം ഓർത്തു.

“ഭീകരാക്രമണം ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെയാണ് നടന്നതെന്ന് റിപ്പോർട്ടുണ്ട്, അപ്പോഴേക്കും ഞങ്ങൾ ശ്രീനഗറിൽ സുരക്ഷിതരായി തിരിച്ചെത്തിയിരുന്നു. ഉച്ചയ്ക്ക് ഏകദേശം 2 മണിയോടെ ഞങ്ങൾ ശ്രീനഗറിൽ എത്തി. ഞങ്ങൾ ഉടൻ തന്നെ കേരളത്തിലേക്ക് പോകും,” ജസ്റ്റിസ് അജിത്കുമാർ പറഞ്ഞു.

ഭീകരാക്രമണ സമയത്ത് ജഡ്ജിമാർ ജമ്മു കശ്മീരിലായിരുന്നു എന്ന വാർത്ത നിയമവൃത്തങ്ങളിൽ പരിഭ്രാന്തി പരത്തിയിരുന്നു. എന്നാല്‍, ജഡ്ജിമാരും അവരുടെ കുടുംബങ്ങളും ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടെന്ന വാര്‍ത്ത സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും ആശ്വാസമായി.

അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം സ്വദേശി എൻ.രാമചന്ദ്രൻ്റെ മൃതദേഹം വൈകിട്ട് ഏഴരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. ശ്രീനഗറിൽ നിന്നും ഡൽഹിയിലെത്തിക്കുന്ന മൃതദേഹം വൈകുന്നേരം നാല് മണിക്കുളള എയർ ഇന്ത്യ വിമാനത്തിലാണ് കൊച്ചിയിലെത്തിക്കുക. ജില്ലാ കലക്ടർ എൻ എസ് കെ ഉമേഷ് മൃതദേഹം ഏറ്റുവാങ്ങും. തുടർന്ന് ഇടപ്പള്ളിയിലെ വീട്ടിലെത്തിക്കും. സംസ്കാരം സംബന്ധിച്ച് താമസിയാതെ ബന്ധുക്കൾ തീരുമാനമെടുക്കും.

കുടുംബസമേതം കശ്മീരിലേക്ക് വിനോദയാത്ര പോയതായിരുന്നു രാമചന്ദ്രൻ. ഭാര്യ ഷീലയും മകൾ ആരതിയും രണ്ട് പേരക്കുട്ടികളും കൂടെയുണ്ടായിരുന്നു. ട്രക്കിങ്ങിന് രാമചന്ദ്രനും മകളും പേരക്കുട്ടികളുമാണ് പോയത്. ശാരീരിക പ്രശ്നങ്ങൾ ഉള്ളതിനാൽ ഭാര്യ ട്രക്കിങ്ങിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. ഭർത്താവിൻ്റെ മരണ വിവരം അവർ ഇതുവരെ അറിഞ്ഞിട്ടില്ല.

മകളുടെ മുമ്പിൽ വച്ചാണ് ഭീകരർ രാമചന്ദ്രനെ കൊലപ്പെടുത്തിയത്. ദുബായിൽ നിന്നും നാട്ടിലെത്തിയ മകളെയും കൂട്ടി അവധി ആഘോഷിക്കാൻ കശ്മീരിലേക്ക് പോയതായിരുന്നു രാമചന്ദ്രനും കുടുംബവും. കൂടെയുള്ള മകൾ തന്നെയാണ് രാമചന്ദ്രൻ കൊല്ലപ്പെട്ട വിവരം ബന്ധുക്കളെ അറിയിച്ചത്. രാമചന്ദ്രൻ്റെ ഭാര്യയും മകളും പേരക്കുട്ടികളും സുരക്ഷിതരാണെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. പ്രവാസിയായിരുന്ന രാമചന്ദ്രൻ നാട്ടിലും വ്യാപാരസ്ഥാപനം നടത്തിയിരുന്നു. നാട്ടുകാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പൊതുപ്രവർത്തകൻ കൂടിയായിരുന്നു രാമചന്ദ്രൻ . അദ്ദേഹത്തിൻ്റെ ആഗസ്മിക വിയോഗ വാർത്ത ഒരു നാട്ടിൻ്റെയാകെ നൊമ്പരമായി മാറിയിരിക്കുകയാണ്.

Print Friendly, PDF & Email

Leave a Comment

More News