പഹല്‍ഗാം ഭീകരാക്രമണം: ഡൽഹി വിമാനത്താവളത്തിൽ ലെഫ്റ്റനന്റ് വിനയ് നർവാളിന് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി രേഖ ഗുപ്ത

“ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീരുത്വം നിറഞ്ഞ ഭീകരാക്രമണത്തിൽ രക്തസാക്ഷികളായ സാധാരണക്കാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്, ഏപ്രിൽ 23, 24 തീയതികളിൽ നടക്കാനിരുന്ന എല്ലാ പൊതുപരിപാടികളും ഞാൻ മാറ്റിവയ്ക്കുന്നു, രേഖ ഗുപ്ത – മുഖ്യമന്ത്രി, ഡൽഹി”

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട കർണാലിലെ ഇന്ത്യന്‍ നാവിക സേനയിലെ ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ മൃതദേഹം ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഡൽഹി വിമാനത്താവളത്തിലെത്തിയപ്പോൾ, അന്തരീക്ഷം മുഴുവൻ ഇരുണ്ടതായി. സൈനിക ബഹുമതികളോടെ ഇന്ത്യൻ നാവികസേനയിലെ എല്ലാ ഉദ്യോഗസ്ഥരും നര്‍‌വാളിന്റെ സഹ സൈനികരും സന്നിഹിതരായിരുന്നു.

വിമാനത്താവളത്തിൽ ഭർത്താവിന്റെ മൃതദേഹം കണ്ട ശേഷം വിനയ് നര്‍‌വാളിന്റെ ഭാര്യ ഹിമാൻഷി കരച്ചിലടക്കാന്‍ പാടുപെട്ടു. തുടർന്ന് അവസാനമായി “ജയ് ഹിന്ദ്” എന്ന് പറഞ്ഞ് അദ്ദേഹത്തോട് വിട പറഞ്ഞു. വിനയ് നർവാളിന്റെ മൃതദേഹം ഡൽഹി വിമാനത്താവളത്തിൽ എത്തിച്ച വിവരം ലഭിച്ചയുടൻ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, സംസ്ഥാന ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ എന്നിവരും അവിടെ എത്തി ആദരാഞ്ജലി അർപ്പിച്ചു. ദുഃഖിതരായ കുടുംബത്തെ അവര്‍ ആശ്വസിപ്പിക്കുകയും ചെയ്തു.

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണം രാജ്യത്തെയാകെ പിടിച്ചുലച്ച സംഭവമാണ്. ഈ ആക്രമണത്തിൽ 25-ലധികം വിനോദസഞ്ചാരികൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഹരിയാനയിലെ കർണാൽ ജില്ലയിലെ ഭൂസ്ലി ഗ്രാമത്തിൽ താമസിക്കുന്ന ഇന്ത്യൻ നേവി ലെഫ്റ്റനന്റ് വിനയ് അതിൽ ഉൾപ്പെട്ടു. ഏപ്രിൽ 16 നാണ് ഗുരുഗ്രാം സ്വദേശിനിയായ ഹിമാൻഷിയുമായി അദ്ദേഹത്തിന്റെ വിവാഹം നടന്നത്. ഇരുവരും ഹണിമൂണിനായി സ്വിറ്റ്സർലൻഡിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, വിനയുടെ മുത്തച്ഛൻ ഹവാ സിംഗ് പറയുന്നതനുസരിച്ച്, വിസ ലഭിക്കാത്തതിനാൽ, ഇരുവരും മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന കശ്മീരിലെ ബൈസരൻ താഴ്‌വരയിലേക്ക് പോകാൻ തീരുമാനിച്ചു, ചൊവ്വാഴ്ച നടന്ന ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട സ്ഥലം.

അതേസമയം, പഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷം ഡൽഹിയിലും പോലീസ് അതീവ ജാഗ്രതയിലാണ്. പ്രത്യേകിച്ച് കുത്തബ് മിനാർ, ചെങ്കോട്ട, ഇന്ത്യാ ഗേറ്റ്, പുരാന ഖില, ഹുമയൂൺ കോട്ട, ലോട്ടസ് ടെമ്പിൾ, അക്ഷർധാം, ഡൽഹി ഹാത്ത്, ലോധി ഗാർഡൻ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പോലീസ് സംഘം സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. അന്വേഷണത്തോടൊപ്പം നിരീക്ഷണവും വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സെൻസിറ്റീവ് പ്രദേശങ്ങളിലെ ഗതാഗതവും നിയന്ത്രിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

 

 

Print Friendly, PDF & Email

Leave a Comment

More News