വാഷിംഗ്ടൺ: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷമുള്ള തന്റെ ആദ്യ അഭിപ്രായത്തിൽ, ആക്രമണത്തെ ‘മോശം’ എന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തിയിലെ സംഘർഷം വളരെക്കാലമായി തുടരുകയാണെന്നും ഇരുപക്ഷവും പ്രശ്നം പരിഹരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചതായും എയർഫോഴ്‌സ് വണ്ണിൽ മാധ്യമ പ്രവർത്തകരോട് സംസാരിച്ച ട്രംപ് പറഞ്ഞു. ഇന്ത്യയുമായും പാകിസ്ഥാനുമായും ഉള്ള തന്റെ അടുത്ത ബന്ധത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.
“ഞാൻ ഇന്ത്യയുമായി വളരെ അടുപ്പമുള്ളവനാണ്, പാകിസ്ഥാനുമായും ഞാൻ വളരെ അടുപ്പമുള്ളവനാണ്, നിങ്ങൾക്കറിയാമല്ലോ, അവർ ആയിരം വർഷമായി കശ്മീരിൽ പോരാടുകയാണ്. കശ്മീർ ആയിരം വർഷമായി, ഒരുപക്ഷേ അതിലും കൂടുതലായി, തുടരുകയാണ്, അടുത്തിടെ നടന്ന ഭീകരാക്രമണം വളരെ മോശമായി,” കശ്മീരിലെ ആക്രമണത്തിന് ശേഷം ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള സംഘർഷത്തെക്കുറിച്ച് ചോദിച്ചപ്പോൾ ട്രംപ് മറുപടി പറഞ്ഞു.
ഭീകരാക്രമണത്തിൽ 26-ലധികം പേർ കൊല്ലപ്പെട്ടു. ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള അതിർത്തിയിൽ എപ്പോഴും സംഘർഷം നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി സംഘർഷത്തെക്കുറിച്ച് ആശങ്കയുണ്ടോ എന്ന് ചോദിച്ചപ്പോൾ “1500 വർഷമായി ഈ അതിർത്തി തർക്കത്തിൽ സംഘർഷം നിലനിൽക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞു