തൃശ്ശൂര്‍: തൃശ്ശൂര്‍ അയ്യന്തോളിലുള്ള ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ വീടിന് സമീപം വെള്ളിയാഴ്ച (2025 ഏപ്രിൽ 25) രാത്രി അജ്ഞാതർ സ്ഫോടകവസ്തുക്കൾ എറിഞ്ഞു.
തന്റെ വീടിന്റെ എതിർവശത്തുള്ള ഗേറ്റിനടുത്ത് ഉണ്ടായ വലിയ സ്ഫോടനം കേട്ടാണ് താൻ ഉണർന്നതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. പടക്കം പൊട്ടിച്ചതാകാം സ്ഫോടനത്തിന് കാരണമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.
അവരുടെ വ്യക്തിത്വമോ ലക്ഷ്യങ്ങളോ പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സംഭവം തന്നെ ലക്ഷ്യം വച്ചുള്ള മനഃപൂർവമായ ആക്രമണമാണെന്ന് ശോഭ സുരേന്ദ്രൻ ആരോപിച്ചു. ഇതിന് മറുപടിയായി, വിഷയത്തിൽ സമഗ്രവും അടിയന്തരവുമായ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നുണ്ട്. സംശയകരമായ രീതിയിൽ രാത്രി ഒരു കാർ കണ്ടതായി പ്രദേശവാസികൾ പൊലീസിനു മൊഴി നൽകി. ഇതിനുപിന്നിലെ പ്രതികളെ കണ്ടെത്തണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. “10.43 ഓടെ ആയിരുന്നു സംഭവം. റോഡിൽ നിന്നും അതിശക്തമായ സ്ഫോടന ശബ്‌ദം ഉണ്ടായി. അക്രമികള്‍ ഏതു വാഹനത്തിലാണ് എത്തിയതെന്ന് കണ്ടെത്താനായില്ല. എപ്പോഴും വാഹനങ്ങൾ പോകുന്ന റോഡാണ്. ചെയ്‌തത് ആരാണെങ്കിലും അവരെ പൊലീസ് കണ്ടെത്തണം” ശോഭ പ്രതികരിച്ചു.
എന്തിന് വേണ്ടിയാണ് ഇത്തരത്തിൽ സ്ഫോടനം നടത്തിയതെന്ന് പരിശോധിക്കണമെന്നും ഇതിന്‍റെ പുറകില്‍ ആരാണ് എന്നത് കണ്ടെത്തണമെന്നും അവര്‍ വ്യക്തമാക്കി. സ്‌ഫോടക വസ്‌തു എറിഞ്ഞ വീട്ടിലെ കുടുംബം യാതൊരു രാഷ്ട്രീയവും ഇല്ലാത്ത ആളുകളാണ്. ഇത് പ്ലാനിങ്ങോടുകൂടി നടത്തിയ സ്ഫോടനമാണ്. പൊലീസിന്‍റെ മൂക്കിന് കീഴിൽ ഇങ്ങനെ ഒരു സ്‌ഫോടനം ഉണ്ടാകുമ്പോള്‍ അത് അവർ തന്നെ കണ്ടുപിടിക്കട്ടെയെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.
സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചതിന് പിന്നാലെ പ്രദേശവാസികൾ ഭയചകിതരാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ് പ്രതികരിച്ചു. സ്ഫോടനം നടന്നതിന്‍റെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സംഭവം അതീവ ഗൗരവമായി പാർട്ടി കാണുന്നു എന്നും അദ്ദേഹം പറഞ്ഞു.