ട്രംപും സെലെൻസ്‌കിയും വത്തിക്കാൻ സിറ്റിയിൽ കൂടിക്കാഴ്ച നടത്തി; റഷ്യ-ഉക്രെയ്ൻ യുദ്ധത്തെക്കുറിച്ച് ചർച്ച ചെയ്തു

റോം: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും ശനിയാഴ്ച വത്തിക്കാൻ സിറ്റിയിൽ കൂടിക്കാഴ്ച നടത്തി. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾക്ക് മുമ്പാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച

ശനിയാഴ്ച നേതാക്കൾക്കിടയിൽ മറ്റൊരു റൗണ്ട് ചർച്ചയ്ക്ക് തന്റെ സംഘം ക്രമീകരണം ചെയ്യുന്നുണ്ടെന്ന് സെലെൻസ്‌കിയുടെ ഓഫീസ് അറിയിച്ചിരുന്നെങ്കിലും, ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം ട്രംപ് നേരെ റോം വിമാനത്താവളത്തിലേക്ക് പോകുകയും തുടര്‍ന്ന് എയർഫോഴ്‌സ് വണ്ണിൽ കയറി അമേരിക്കയിലേക്ക് തിരിച്ചുപോയതിനാല്‍ രണ്ടാമതൊരു മുഖാമുഖ സംഭാഷണത്തിനുള്ള സാധ്യത ഇല്ലാതായതായി സെലെന്‍സ്കിയുടെ ഓഫീസ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

ട്രംപും സെലെൻസ്‌കിയും തമ്മിലുള്ള ചർച്ച വളരെ ഫലപ്രദമായിരുന്നുവെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും വൈറ്റ് ഹൗസ് പിന്നീട് അറിയിച്ചു. വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കുള്ളിൽ നടന്ന കൂടിക്കാഴ്ച ഏകദേശം 15 മിനിറ്റ് നീണ്ടുനിന്നു, പുറത്തെ ശവസംസ്കാര ശുശ്രൂഷയ്ക്കായി അവർ ഇരിപ്പിടങ്ങളിൽ ഇരിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു അത്.

ഞങ്ങള്‍ തമ്മില്‍ നല്ലൊരു കൂടിക്കാഴ്ചയായിരുന്നു അതെന്ന് സെലെൻസ്‌കി സോഷ്യൽ മീഡിയയിൽ പറഞ്ഞു. “ഞങ്ങൾ നേരിട്ട് നിരവധി ചർച്ചകൾ നടത്തി. ഇതുവരെ ചർച്ച ചെയ്തതിൽ നിന്ന് ഫലങ്ങൾ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നമ്മുടെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കേണ്ടതുണ്ട്. സമ്പൂർണ്ണവും നിരുപാധികവുമായ വെടിനിർത്തൽ ഉണ്ടാകണം. വിശ്വസനീയവും നിലനിൽക്കുന്നതുമായ ഒരു സമാധാനം മറ്റൊരു യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് തടയും. വളരെ പ്രതീകാത്മകമായ ഒരു കൂടിക്കാഴ്ചയായിരുന്നു അത്. സംയുക്ത ഫലങ്ങൾ നേടിയാൽ അത് ചരിത്രപരമായി മാറാൻ സാധ്യതയുണ്ട്. നന്ദി,” അദ്ദേഹം എഴുതി.

മൂന്ന് വർഷം മുമ്പ് റഷ്യൻ അധിനിവേശത്തോടെ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാൻ റഷ്യയും ഉക്രെയ്‌നും “വളരെ ഉന്നതതല ചർച്ചകൾക്കായി” കൂടിക്കാഴ്ച നടത്തണമെന്ന് വെള്ളിയാഴ്ച വൈകി ഇറ്റലിയിലെത്തിയ ശേഷം ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ ട്രംപ് പറഞ്ഞു. വെടിനിർത്തലിന് സമ്മതിക്കാൻ ട്രംപ് ഇരുപക്ഷത്തും സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് വെള്ളിയാഴ്ച മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ കണ്ടു. അതിനുശേഷം, ഇരു പാർട്ടികളും കരാറിനോട് വളരെ അടുത്താണെന്ന് ട്രംപ് പറഞ്ഞു.

അന്താരാഷ്ട്ര ക്രിമിനൽ കോടതി അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനാലും ഉക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് യുദ്ധക്കുറ്റങ്ങൾ ചുമത്തിയതിനാലും പുടിൻ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല.

വരും ദിവസങ്ങളിൽ വളരെ പ്രധാനപ്പെട്ട യോഗങ്ങൾ നടന്നേക്കാമെന്നും നിരുപാധികമായ വെടിനിർത്തൽ ആവശ്യമാണെന്നും വെള്ളിയാഴ്ച രാത്രി ഒരു പ്രസ്താവനയിൽ സെലെൻസ്‌കി പറഞ്ഞു. “വിശ്വസനീയവും ഉടനടിയുള്ളതും നിരുപാധികവുമായ വെടിനിർത്തലും തുടർന്ന് മാന്യമായ സമാധാനവും സുരക്ഷാ ഗ്യാരണ്ടിയും ഉറപ്പാക്കാൻ യുഎസ് വെടിനിർത്തൽ നിർദ്ദേശം അംഗീകരിച്ച് സമാധാനത്തിലേക്ക് നീങ്ങുന്നതിന് റഷ്യയുടെ മേൽ യഥാർത്ഥ സമ്മർദ്ദം ആവശ്യമാണ്,”അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News