എടത്വ: പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. മെയ് 14 ന് എട്ടാമിടത്തോടെ സമാപിക്കും. പ്രധാന തിരുനാള്‍ മെയ് ഏഴിനാണ്. അന്ന് ഉച്ചകഴിഞ്ഞ് നാലിന് വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ചരിത്ര പ്രസിദ്ധമായ പ്രദക്ഷിണം പള്ളിക്കു ചുറ്റും നടക്കും. എട്ടാമിടത്തിന് കുരിശടിയിലേക്കും പ്രദക്ഷിണമുണ്ടാകും.
മെയ് മൂന്നിന് രാവിലെ 5.45 ന് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വിശുദ്ധന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കും. ഇന്ന് രാവിലെ 5.45 ന് മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും, വിശുദ്ധ കുര്‍ബ്ബാനയ്ക്കും ശേഷം നടന്ന കൊടിയേറ്റ് കർമ്മം വികാരി ഫാ. ഫിലിപ്പ് വൈക്കത്തുക്കാരന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മെയ് ഏഴ് വരെ എല്ലാ ദിവസവും 4.30 ന് തമിഴ് കുര്‍ബാന, 5.45 ന്, 7.45 ന്, 10 ന്, വൈകുന്നേരം നാലിന്, ആറിന് മധ്യസ്ഥ പ്രാര്‍ഥന, ലദീഞ്ഞ്, കുര്‍ബാന, രാത്രി ഏഴിന് കുരിശടിയില്‍ മധ്യസ്ഥ പ്രാര്‍ഥന എന്നിവ നടക്കും. മേയ് മൂന്നിന് വിശുദ്ധന്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കുന്നതോടെ തിരുനാളിന് തിരക്കേറും.