കനേഡിയന്‍ തിരഞ്ഞെടുപ്പ് 2025: പിയറി പൊയിലീവ്രെയെ പരാജയപ്പെടുത്തി മാർക്ക് കാർണിയുടെ ലിബറൽ പാർട്ടിക്ക് വമ്പിച്ച വിജയം

ഒട്ടാവ: കാനഡയിൽ നടന്ന ദേശീയ തിരഞ്ഞെടുപ്പില്‍, പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടി ഗംഭീര തിരിച്ചുവരവ് നടത്തി വിജയിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പ് വരെ പാർട്ടിയുടെ പരാജയത്തെക്കുറിച്ച് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആക്രമണാത്മക വാചാടോപം സമവാക്യം മാറ്റിമറിച്ചു. “കാനഡയെ യുഎസിലെ 51-ാമത്തെ സംസ്ഥാനമാക്കുമെന്ന” ട്രംപിന്റെ ഭീഷണികളും ഒരു വ്യാപാര യുദ്ധം നടത്തുമെന്ന ഭീഷണികളും കനേഡിയൻമാരിൽ ദേശീയ അഭിമാനബോധം ഉണർത്തിയത് ലിബറൽ പാർട്ടിക്ക് നേരിട്ട് ഗുണം ചെയ്തു.

തിരഞ്ഞെടുപ്പ് ഫലങ്ങൾ അനുസരിച്ച്, കൺസർവേറ്റീവ് പാർട്ടിയേക്കാൾ കൂടുതൽ സീറ്റുകൾ ലിബറൽ പാർട്ടി പാർലമെന്റിൽ നേടി. എന്നാല്‍, മറ്റ് പാർട്ടികളുടെ പിന്തുണയില്ലാതെ ലിബറൽ പാർട്ടിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയുമോ എന്ന് പ്രാഥമിക ഫലങ്ങൾ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഈ വിജയം മാർക്ക് കാർണിയുടെ നേതൃത്വത്തിൽ പാർട്ടിക്ക് ഒരു പ്രധാന വഴിത്തിരിവാണെന്ന് തെളിഞ്ഞു.

കുറച്ച് മാസങ്ങൾക്ക് മുമ്പ് വരെ ലിബറൽ പാർട്ടിയുടെ നിലപാട് വളരെ ദുർബലമായിരുന്നു. എന്നാൽ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ ലക്ഷ്യം വച്ചുകൊണ്ട് അതിനെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കുന്നതിനെക്കുറിച്ച് അഭിപ്രായപ്പെട്ടതോടെ കനേഡിയൻ പൗരന്മാരിൽ കോപവും ദേശീയതയും ഉയർന്നുവന്നു. ഈ വൈകാരിക തരംഗം ലിബറൽ പാർട്ടിയെ നാലാം തവണയും അധികാരത്തിന്റെ പടിവാതിൽക്കൽ എത്തിച്ചു.

കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയിലീവ്രെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ലക്ഷ്യമിട്ടിരുന്നു. ഭക്ഷണ, ഭവന ചെലവുകളിലെ വർദ്ധനവ് കാരണം, ഒരു ദശാബ്ദക്കാലത്തെ ഭരണകാലത്ത് ട്രൂഡോയുടെ ജനപ്രീതി കുറഞ്ഞിരുന്നു.

അതേസമയം, ട്രംപിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാത്തതിന് പൊയ്‌ലിവ്രെ വിമർശനവും നേരിട്ടു. “പ്രസിഡന്റ് ട്രംപ്, ഞങ്ങളുടെ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കൂ. കാനഡയുടെ ഭാവി തീരുമാനിക്കുന്നത് കനേഡിയൻ വോട്ടർമാരാണ്. അല്ലാതെ താങ്കളല്ല. കനേഡിയന്മാരെ ഭിന്നിപ്പിക്കാനും, അതുവഴി നേട്ടം കൊയ്യാനുമുള്ള ദുരാഗ്രഹം വിലപ്പോവില്ല,” വോട്ടെടുപ്പ് അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പൊയ്‌ലിവ്രെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

തെരഞ്ഞെടുപ്പ് ദിവസത്തിന് തൊട്ടുമുമ്പ് വാൻകൂവറിലെ ഒരു തെരുവ് മേളയിൽ നടന്ന മാരകമായ ആക്രമണം രാജ്യത്തെ നടുക്കി. ഈ ആക്രമണത്തിനുശേഷം, എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഏതാനും മണിക്കൂറുകൾ മാറ്റിവച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ശേഷം, ഈ ആക്രമണത്തിന് തീവ്രവാദ ബന്ധമില്ലെന്ന് പോലീസ് വ്യക്തമാക്കി. പ്രതി മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ ചരിത്രമുള്ള ഒരു പ്രദേശവാസിയാണെന്ന് തെളിഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News