കോഴിക്കോട്: വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനും മതനിരപേക്ഷ ജനാധിപത്യ വ്യവസ്ഥ പരിരക്ഷിക്കുന്നതിനുമായി 1993 ല്‍ രൂപീകരിക്കപ്പെട്ട സംഘമാണ് ഫോറം ഫോര്‍ ഡെമോക്രസി ആന്റ് കമ്മ്യൂണല്‍ അമിറ്റി (എഫ്.ഡി.സി.എ). എഫ്.ഡി.സി.എ കേരള ചാപ്റ്ററിന്റെ പ്രഥമ അദ്ധ്യക്ഷനായിരുന്ന ജസ്റ്റിസ്.വി.ആര്‍ കൃഷ്ണയ്യരുടെ നേത്യത്വത്തില്‍ ഒരു പതിറ്റാണ്ടു കാലം കേരളത്തിലെ മതേതര, മത സൗഹാര്‍ദ്ദ മേഖലകളിലെ നിറസാന്നിദ്ധ്യമായിരുന്ന എഫ്.ഡി.സി.എ വര്‍ഗീയ ചേരിതിരിവിനാല്‍ കലുഷിതമായിരുന്ന നാദാപുരം, ആദിവാസികള്‍ക്കെതിരായ കടന്നുകയറ്റം നടന്ന മുത്തങ്ങ എന്നിവിടങ്ങളില്‍ സജീവ ഇടപെടലുകള്‍ നടത്തിയിരുന്നു.
കേരളത്തിന്റെ സവിശേഷത ഈ നാട് പുലര്‍ത്തിപ്പോരുന്ന സാമൂഹ്യ സൗഹാര്‍ദ്ദമാണ്. ഈ സാമൂഹ്യ സൗഹാര്‍ദ്ദം വലിയ ഭീഷണിയിലാണ്. വിദ്വേഷം വമിക്കുന്ന പ്രചരണങ്ങളിലൂടെ നമ്മുടെ സമൂഹം വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലെന്നപോലെ കേരളത്തില്‍ ഈ വിഭജനം സ്പഷ്ടമായി കാണാന്‍ കഴിയാത്തതാണെങ്കിലും കേരളവും ക്രമേണ സാമൂഹ്യ വിദ്വേഷത്തിന്റെ ദുഷ്ടചക്രത്തിലേക്ക് വീണുകൊണ്ടിരിക്കുകയാണ്.
ഈ വിദ്വേഷത്തിന്റെ ഭാരം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന ഒരു സമുദായം മുസ്ലിങ്ങളാണ്. ഇസ്ലാമോഫോബിയ (മുസ്ലിം വിദ്വേഷം) നമ്മുടെ സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നുകയാണ്. ഇത് നമ്മുടെ സമാധാനപരമായ സാമൂഹ്യ ഘടനയില്‍ വിദൂരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ പോകുന്നു. നാം എല്ലാവരും സ്‌നേഹിക്കുന്ന കേരളം, സാമൂഹ്യ സൗഹൃദം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സംസ്ഥാനം എന്ന തനിമ അതിവേഗം നഷ്ടപ്പെടുകയാണ്.
ഈ പശ്ചാത്തലത്തിലാണ് FDCA (ഫോറം ഫോര്‍ ഡെമോക്രസി ആന്റ് കമ്മ്യൂണല്‍ അമിറ്റി) ‘ഒന്നാണു നമ്മള്‍’ എന്ന തലക്കെട്ടില്‍ ഒരു പ്രചരണ പരിപാടിയെക്കുറിച്ച് ആലോചിക്കുന്നത്.
‘Resisting Hatred, Rising United, We are One’ ‘ഒന്നാണ് നമ്മള്‍’എന്ന തലക്കെട്ടില്‍ മെയ് 1 വ്യാഴം വൈകിട്ട് 4.30 ന് കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ നടക്കുന്ന സാഹോദര്യ സംഗമത്തോടെ ഈ പ്രചരണ പരിപാടി പ്രഖ്യാപിക്കുകയാണ്. പ്രഗത്ഭ മനുഷ്യാവകാശ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഹര്‍ഷ് മന്ദര്‍ മുഖ്യാതിഥിയായുണ്ടാകും. കവി സച്ചിദാനന്ദന്‍, കല്‍പറ്റ നാരായണന്‍, ഡോ കെ എസ് മാധവന്‍, പി മുജീബുറഹ്‌മാന്‍, ഒ അബ്ദുറഹ്‌മാന്‍, ഡോ പി കെ പോക്കര്‍, അംബിക മറുവാക്ക്, ബാബുരാജ് ഭഗവതി എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍:
ടി.കെ ഹുസൈന്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി, FDCA)
അംബിക മറുവാക്ക് (സെക്രട്ടറി, FDCA)
അഡ്വ. പി.എ പൗരന്‍ (സെക്രട്ടറി, FDCA)
നൗഷാദ് സി.എ (ട്രഷറര്‍, FDCA)