അഫ്ഗാനിസ്ഥാനിലെ വടക്കുകിഴക്കൻ നഗരമായ കുണ്ടൂസിലെ ഷിയ മുസ്ലീം പള്ളിക്ക് നേരെയുണ്ടായ ബോംബാക്രമണത്തിൽ 50 ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയാണ് ബോംബ് സ്ഫോടനമുണ്ടായതെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹ്‌ഒയ്ദ് പറഞ്ഞു. ആക്രമണം അന്വേഷിക്കാൻ ഒരു പ്രത്യേക യൂണിറ്റ് സംഭവസ്ഥലത്ത് എത്തുന്നുണ്ടെന്നും സബീഹുല്ല പറഞ്ഞു.
“ഇന്ന് ഉച്ചയ്ക്ക്, ഞങ്ങളുടെ ഷിയാ മുസ്ലീം സ്വഹാബികളുടെ ഒരു പള്ളിയിൽ ഒരു സ്ഫോടനം നടന്നു … അതിന്റെ ഫലമായി ഞങ്ങളുടെ നിരവധി സ്വദേശികൾ രക്തസാക്ഷികളാവുകയും പരിക്കേൽക്കുകയും ചെയ്തു,” മുജാഹിദ് ട്വിറ്ററിൽ പറഞ്ഞു.
ഇതുവരെ 35 മൃതദേഹങ്ങളും 50 ലധികം പരിക്കേറ്റ ആളുകളേയും ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ടെന്ന് കുണ്ടൂസ് സെന്‍ട്രല്‍ ഹോസ്പിറ്റലിലെ ഒരു ഡോക്ടര്‍ പറഞ്ഞു.
ഡോക്ടേസ് വിത്തൗട്ട് ബോര്‍ഡേഴ്സ് (MSF) നടത്തുന്ന മറ്റൊരു ആശുപത്രിയില്‍ കുറഞ്ഞത് 15 പേരുടെ മൃതദേഹങ്ങൾ എത്തിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ, അടുത്ത നാളുകളില്‍ രാജ്യത്ത് നിരവധി ആക്രമണങ്ങൾ നടന്നിട്ടുണ്ട്. അവയിൽ ചിലത് തക്ഫിരി ദാഇഷ് തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുള്ള ഒരു സായുധ സംഘമാണ് നടത്തിയത്.
അഫ്ഗാനില്‍ വ്യാവസായികമായി ഏറെ പ്രധാന്യമുള്ള നഗരമാണ് കുണ്ടൂസ്. ന്യൂനപക്ഷമായ ഷിയാക്കള്‍ക്കെതിരെ ഭീകരവാദികളുടെ ആക്രമണം നടക്കാറുണ്ട്. അഫ്ഗാന്‍ ജനസംഖ്യയില്‍ 20 ശതമാനമാണ് ഷിയാ മുസ്ലീങ്ങള്‍.
ഹസാരയിലാണ് ഭൂരിപക്ഷം ഷിയാക്കളും താമസിക്കുന്നത്. അഫ്ഗാനില്‍ നിന്ന് യുഎസ് സൈന്യം പിന്മാറിയ ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് നടന്നത്. 2017 ഒക്ടോബറില്‍ ഷിയാ പള്ളിക്ക് നേരെ ആക്രമണമുണ്ടായിരുന്നു. അന്ന് 56 പേരാണ് കൊല്ലപ്പെട്ടത്.
അഫ്ഗാനിസ്ഥാനിൽ ഡെയ്ഷ് ഭീകരസംഘടനയുടെ സാന്നിധ്യത്തെക്കുറിച്ച് നിരീക്ഷകർ മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.