താജിക്-അഫ്ഗാൻ അതിർത്തിക്ക് സമീപം പ്രത്യേക സൈനിക താവള നിർമ്മാണത്തിനായി ചൈന സന്നദ്ധത പ്രകടിപ്പിച്ചതായി താജിക് പാർലമെന്റിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ഗോർണോ-ബദഖ്‌ഷാൻ സ്വയംഭരണ പ്രവിശ്യയിലെ പാമിർ പർവതനിരകളിലാണ് താവളം നിർമ്മിക്കുന്നതെന്ന് വാർത്താ ഏജൻസി വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഈ പ്രദേശം ചൈനയിലെ സിൻജിയാങ് പ്രവിശ്യയുടെയും അഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ പ്രവിശ്യയുടെയും അതിർത്തിയാണ്.
എന്നാല്‍, താവളത്തിൽ ചൈനീസ് സൈന്യം നിലയുറപ്പിക്കുകയില്ല. ദുഷാൻബെയും താലിബാൻ സർക്കാരും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്നതിനാൽ അഫ്ഗാൻ-താജിക് അതിർത്തിയിലാണ് താവളം നിർമ്മിക്കുകയെന്ന് താജിക് പാർലമെന്റ് വക്താവ് ഊന്നിപ്പറഞ്ഞു.
താജിക്ക് പ്രസിഡന്റ് ഇമോമാലി റഹ്‌മോൻ താലിബാന്റെ ഏക വംശീയ സർക്കാരിനെ വിമർശിക്കുകയും എല്ലാ വംശീയ വിഭാഗങ്ങളോടും സർക്കാരിൽ ചേരാൻ ആഹ്വാനം ചെയ്യുകയും ചെയ്തതിനെ തുടർന്ന് സംഘർഷം ഉയർന്നു.
മറുവശത്ത്, താജിക്കിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്ന് താലിബാൻ ആരോപിക്കുകയും വടക്കൻ പ്രദേശങ്ങളിൽ ഒരു പ്രത്യേക സേനാ വിഭാഗത്തെ വിന്യസിക്കുകയും ചെയ്തു.