സൂര്യനെ നോക്കിയെത്ര ശ്വാനന്മാർ കുരച്ചാലും,
സൂര്യന്റെ തേജസ്സെങ്ങാൻ, കുറയാൻ പോകുന്നുണ്ടോ?
ചന്ദ്രനെ നോക്കിയെത്ര, മൂങ്ങകൾ തേങ്ങിയാലും,
ചന്ദ്രന്റെ പ്രഭയെങ്ങാൻ കുറയാൻ പോകുന്നുണ്ടോ?
ക്ഷീര സാഗരത്തിൽ പോയ്, കഴുകൻ കുളിച്ചാലും,
കൃഷ്ണപരുന്തായ് തന്നെ മാറ്റുവാൻ കഴിയുമോ?
കൂപ മണ്ഡൂകമെത്ര, ‘ക്രാം‘, ‘പ്രാം’, ശബ്ദിച്ചാലും,
കൂജനം ചെയ്യുമൊരു കുയിലായ് മാറീടുമോ?
കേവലമൊരു കോഴി, യെത്രയുദ്യമിക്കിലും,
എവരേം ആകർഷിക്കും, പരുന്തായ് പറക്കുമോ?
സ്വന്തം പരിമിതികളപ്പാടെ, മറന്നല്ലോ,
സംപൂർണ്ണർ തങ്ങളെന്നു, പലരും കരുതുന്നു?
വിസ്മയം തോന്നും വിധം അജ്ഞാനമേറും നേരം
വിസ്മരിക്കയാണവർ, മുഖ്യമാമൊരു കാര്യം!
‘വിദ്യയിലുയരുമ്പോൾ, വിത്തത്തിൽ വളരുമ്പോൾ,
വിനയമാകും മഹാ, ഗുണവും, വളരണം!’
സർവ്വജ്ഞൻ താനെന്നോർത്തു, വീമ്പടിച്ചിരിപ്പോർക്കു
സർവ്വനാശം താനെന്ന,വാസ്തവം മറക്കുന്നു!
ശ്വാനന്മാരാഹോരാത്രം,കൂട്ടമായ് കുരച്ചാലും,
വാനിലെ സൂര്യൻ തെല്ലും, കൂസാതെ ജ്വലിക്കുന്നു!
കാർമ്മുകിൽ വാനിൽ വന്നു, മഴയായ് വർഷിച്ച പി-
ന്നോർമ്മയായ് മാറും പോലെ,യല്ലയോ മനുഷ്യനും!
മറഞ്ഞു പോകും ഹൃസ്വ, ജീവിത ശേഷമെന്നു
മറന്നു ദിനമെത്ര വീമ്പടിക്കുന്നു നമ്മൾ?
വാതോരാതഹോരാത്രം, കുരയ്ക്കും നായെ നോക്കി,
വാനത്തിൽ പ്രശോഭിക്കും, സൂര്യനോതിനാൻ “നിങ്ങൾ
ഏവരുമെന്നെ നോക്കി, യെത്ര താൻ കുരച്ചാലും,
എൻപ്രഭയൽപ്പം പോലും, കുറയാൻ പോകുന്നില്ല”!
“പാരിനു പ്രകാശവും,താപവു മേകുന്നതെൻ
പരമ പ്രധാനമാം കർത്തവ്യമറിയൂ നീ!
ആ പ്രകാശത്തിൽ നിൻറെ, സാന്ദ്രമാം അജ്ഞാനത്തിൽ
അഷ്ടരാഗങ്ങൾ ചൂഴും, തമസ്സും, മറയട്ടെ!”