ന്യൂഡല്‍ഹി: ഉക്രെയ്നിലെ യുദ്ധഭൂമിയില്‍ നിന്നുള്ള പലായനത്തിനിടെ ഇടുക്ക വണ്ടിപ്പെരിയാര്‍ സ്വദേശിനി ആര്യ ആല്‍ഡ്രിന്‍ ഒപ്പംകരുതിയ വളര്‍ത്തുനായ സേറ ഇനി പുതിയ വീട്ടിലേക്ക്. ഓപ്പറേഷന്‍ ഗംഗ വഴി ഡല്‍ഹിയിലെത്തിയ സേറയെ കേരളത്തിലേക്കുള്ള വിമാനത്തില്‍ കയറ്റാന്‍ അധികൃതര്‍ തയ്യാറാകാതെ വന്നതോടെയാണ് ആര്യയും സേറയും ഡല്‍ഹിയില്‍ കുടുങ്ങിയത്. എയര്‍ഇന്ത്യയുടെയോ എയര്‍ഏഷ്യയുടെയോ വിമാനത്തിലാണ് ആര്യ വളര്‍ത്തുനായയായ സേറോടൊപ്പം നാട്ടിലെത്തുക.
വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ ഇടപെടലിലാണ് ആര്യയ്ക്കും സേറയ്ക്കും കേരളത്തിലേക്കുള്ള യാത്ര സാധ്യമായത്. ഇവര്‍ക്കുള്ള യാത്രാസൗകര്യമൊരുക്കാന്‍ മന്ത്രി റെസിഡന്റ് കമ്മീഷണറെയും നോര്‍ക്ക സിഇഒയെയും ചുമതലപ്പെടുത്തി.