ന്യൂയോർക്ക്: ആധുനിക ലോകത്തെ ദൈനംദിന ജീവിതത്തിൽ അറിയാതെയും അപ്രതീക്ഷിതമായും നമ്മുടെ ജീവിതത്തിലും ചുറ്റുപാടിലും നടക്കുന്ന കാര്യങ്ങൾ സാധാരണക്കാർ ശ്രദ്ധിക്കാതെ പോയാലും, ഒരു എഴുത്തുകാരന്റെയോ ചിന്തകൻറെയോ കണ്മുന്പിൽ അതൊരു കലാസൃഷ്ടിയായി രൂപാന്തരപ്പെടാവുന്നതാണ്. അത്തരമൊരു കലാസൃഷ്‌ടിയാണ് എം. ജയറാം എന്ന കഥാകൃത്തു തന്റെ നൂറു കഥകളുടെ സമാഹാരമായ “അവിചാരിതം” എന്ന പുസ്തകത്തിലൂടെ വരച്ചുകാട്ടുന്നത്. വായിച്ചാലും വായിച്ചാലും മതിവരാത്ത സാധാരണ ഭാഷയിലും ശൈലിയിലും രചിച്ച “അവിചാരിതം” എന്ന നൂറു കഥകളുടെ സമാഹാരമായ പുസ്തകത്തിന്റെ അന്താരാഷ്ട്ര പ്രകാശനം ന്യൂയോർക്കിൽ നിന്നും വിർച്യുൽ പ്ലാറ്റുഫോമിലൂടെ നടത്തി.
തിരുവനന്തപുരം ഇൻകം ടാക്സ് ഡിപ്പാർട്മെന്റിലെ അഡീഷണൽ കമ്മീഷണറായ എം. ജയറാം എന്ന മത്തായി ജയറാം രചിച്ച മൂന്നാമത്തെ പുസ്തകമായ “അവിചാരിതം” അന്താരാഷ്ട്ര പ്രകാശനത്തിലൂടെ ലോക ശ്രദ്ധ പിടിച്ചുപറ്റി. ഐക്യ രാഷ്ട്ര സഭ (United Nations Organization) കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കോൺഫെഡറേഷൻ ഓഫ് വേൾഡ് റിലീജിയൻസിന്റെ (Confederation of World Religions) 37-മത് വേൾഡ് ഇന്റർഫെയ്‌ത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 1 മുതൽ 28 വരെ ന്യൂയോർക്കിൽ നിന്നും സംഘടിപ്പിച്ച സൂം മീറ്റിംഗിൽ ഒരു ദിവസം നടത്തിയ പുസ്തക പ്രകാശനത്തിനു ലോകത്തിന്റെ വിവിധ കോണുകളിലുള്ള നൂറുകണക്കിന് ജനങ്ങൾ ദൃക്‌സാക്ഷികളായി.
വേൾഡ് യോഗ കമ്മ്യൂണിറ്റി എന്ന എൻ. ജി. ഓ. സംഘടനയുടെ സ്ഥാപകനും ഗ്ലോബൽ ചെയർമാനും ഐക്യ രാഷ്ട്ര സഭയിലെ ആഗോള സർവ്വമത കമ്മറ്റിയുടെ സെക്രട്ടറിയുമായ യോഗാചാര്യ ഗുരുജി ദിലീപ് എന്നറിയപ്പെടുന്ന ഗുരു ദിലീപ്‌കുമാർ തങ്കപ്പൻറെ നേതൃത്വത്തിൽ കഴിഞ്ഞ 37 വർഷമായി എല്ലാ വർഷവും ന്യൂയോർക്ക് കേന്ദ്രീകരിച്ചു ആഗോള സർവ്വമത പ്രാർഥനാ യജ്‌ഞം നടത്തിവരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വര്ഷം അത് സൂം മീറ്റിംഗിലൂടെ സംഘടിപ്പിച്ചതിനാൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും പ്രമുഖർ പങ്കെടുത്തു. എം. ജയറാം രചിച്ചു സാഹിതി തിരുവനന്തപുരം പ്രസിദ്ധീകരിച്ച “അവിചാരിതം” കഥാസമാഹാരം 2021 ഡിസംബറിൽ തിരുവനന്തപുരത്തു വച്ച് പ്രശസ്ത സിനിമ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഔദ്യോഗികമായി പ്രകാശനം ചെയ്തിരുന്നെങ്കിലും അതിന്റെ ഇന്റർനാഷണൽ പ്രകാശനം കൂടുതൽ ലോക ശ്രദ്ധ പിടിച്ചുപറ്റി.
പച്ചയായ ജീവിതത്തെ ലളിതമായ ഭാഷയിലൂടെ രചിച്ചു വായനക്കാരുടെ ചിന്താധമണികളിൽ നർമ്മത്തിൻറെയും സത്യത്തിന്റെയും ചിന്തയുടെയും ബിംബ പ്രതിബിംബങ്ങളെ സ്‌ഥാപിക്കുന്നതിനു ഈ നൂറു കഥകളിലൂടെ കഥാകൃത്തിനു സാധിച്ചു. ജയറാം രചിച്ച മൂന്നാമത് പുസ്തകമാണ് “അവിചാരിതം”. ഇതിനു മുൻപ് രചിച്ചു കറന്റ് ബുക്ക്സ് പ്രസിദ്ധീകരിച്ച “രഥമാർഗ്ഗേ” എന്ന പുസ്തകവും പ്രഭാത് ബുക്ക് ഹൌസ് പ്രസിദ്ധീകരിച്ച “കമ്പക്കെട്ട്” എന്ന കഥാസമാഹാരവും ഇതിനോടകം വായനക്കാരുടെ പ്രശംസി നേടിയിട്ടുണ്ട്. ജയറാമിന്റെ കൃതികളെല്ലാം തൻറെ തീക്ഷണമായ ജീവിത അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ടിട്ടുള്ളതാണ്.
കോട്ടയം ജില്ലയിലെ വെച്ചൂച്ചിറ പഞ്ചായത്തിൽ കുളമാങ്കുഴി എന്ന ഗ്രാമത്തിൽ കറുമ്പൻ പാപ്പി (മത്തായി) യുടെയും ഏലി മത്തായി (കുഞ്ഞമ്മ)യുടെയും ഏഴാമത് മകനായി ജനിച്ചു പാലാ സെൻറ് തോമസ് കോളേജിൽ നിന്നും ഫിസിക്സിൽ മാസ്റ്റേഴ്സ് ബിരുദവും നേടിയ ജയറാം പിൽക്കാലത്തു ഇന്ത്യയിലെ ആദായനികുതി വകുപ്പിൽ ഇൻസ്‌പെക്ടർ ആയി പ്രവേശിച്ചു ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ പദവി വരെ എത്തിനിൽക്കുന്ന ഇന്ത്യൻ റെവന്യൂ സർവ്വീസ് (IRS) ഉദ്യോഗസ്ഥനാണ്. തന്റെ ഔദ്യോഗിക ജീവിത തിരക്കിനിടയിലും കഥകൾ രചിക്കുവാൻ അദ്ദേഹം സമയം കണ്ടെത്തുന്നു.
യോഗാചാര്യൻ ഗുരു ദിലീപ്‌ജിയുടെ അധ്യക്ഷതയിൽ കൂടിയ പുസ്തക പ്രകാശനചടങ്ങിൽ ഐക്യരാഷ്ട്ര സംഘടനയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന വിവിധ എൻ.ജി.ഓ കളുടെ പ്രതിനിധികളും സർവമത കൂട്ടായ്മ പ്രതിനിധികളും സംസാരിച്ചു. ജയറാമിന്റെ സുഹൃത്ത് സെബാസ്റ്റ്യൻ കുരുവിള കഥാകൃത്തിനെ പരിചയപ്പെടുത്തി. തിരുവനന്തപുരം ഇൻകംടാക്സ് ഇൻസ്‌പെക്ടറും പോത്തൻകോട് ശാന്തിഗിരി ആശ്രമം പ്രതിനിധിയുമായ ശശികുമാർ ശാന്തനൻ “അവിചാരിതം” എന്ന പുസ്തകം ഏവർക്കും പരിചയപ്പെടുത്തി. ന്യൂയോർക്കിലെ ഫ്രീലാൻസ് മാധ്യമ പ്രവർത്തകനും മുൻ ഇന്ത്യൻ കസ്റ്റംസ് ഉദ്യോഗസ്ഥനുമായ മാത്യുക്കുട്ടി ഈശോ പുസ്തക നിരൂപണവും അവലോകനവും നടത്തി. ന്യൂയോർക്കിലെ എം. ഡി യും ഫിസിഷ്യനുമായ ഡോ. പദ്‌മിനി മൂർത്തി, ആഫ്രിക്കൻ അമേരിക്കൻ ഇന്റർഫെയ്‌ത് സംഘടനയുടെ യു. എൻ. പ്രധിനിധി ഡോ. റെമി അൽപോ, അമേരിക്കൻ ജ്യൂയിഷ് മത നേതാവ് റെവ. മാസ്സിമോ പരിനോ, ന്യൂയോർക്ക് ഡിസ്ട്രിക്ട് കൗൺസിൽ വുമൺ ഡോ. നീതാ ജെയിൻ, സിഖ് ഗുരുദ്വാര പ്രധിനിധി ഡോ. കൃപാൽ സിങ്, പീസ് ലൈറ്റ്‌സ് സംഘടനാ പ്രധിനിധി പീറ്റർ റോജിന, ഇന്റർഫെയ്‌ത് പ്രധിനിധി ഗാന്ധിക്കോട്ട ആര്യാമ എന്നിവർ ആശംസകൾ അർപ്പിച്ചു. കഥാകൃത്തു ജയറാം “അവിചാരിതം” കഥാസമാഹാരം രചിക്കുവാനുണ്ടായ സാഹചര്യവും തന്റെ ജീവിതാനുഭവങ്ങളിൽ നിന്നും രൂപാന്തരപ്പെട്ട കഥകളെപ്പറ്റിയും സംസാരിച്ചത് എല്ലാവരിലും പ്രത്യേക അനുഭവമുണ്ടാക്കി. കഥാകൃത്തു തന്റെ സ്വന്തം മകളുടെയും മകന്റെയും ചില ജീവിത സാഹചര്യങ്ങളെ വിമർശന രൂപേണ രചിച്ച അവിചാരിതത്തിലെ രണ്ടു കഥകൾ അവരുടെ ജീവിത രൂപാന്തരത്തിനു ഇടയാക്കി എന്ന് പ്രസ്താവിച്ചപ്പോൾ മലയാള ഭാഷ വശമില്ലാത്തവർ ഉടൻ തന്നെ ആ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഇറക്കണമെന്നു ആവശ്യപ്പെട്ടു.
കഥാകൃത്തു ജയറാമിന്റെ മകൾ അനഘ ജയറാം ഈശ്വര പ്രാർഥനയും മറ്റൊരു മനോഹര ഹിന്ദി ഗാനവും ആലപിച്ചു യോഗത്തിനു നിറപ്പകിട്ടേകി. ജയറാമിന്റെ സഹധർമിണി ജയന്തി എല്ലാവർക്കും നന്ദി പ്രകാശിക്കുകയൂം ഉടൻ തന്നെ ഈ പുസ്തകം ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തുന്നതിനു ശ്രമിക്കാമെന്നു പ്രസ്താവിക്കുകയും ചെയ്തു. ഇപ്പോൾ “അവിചാരിതം” എന്ന പുസ്തകം ആമസോൺ വെബ്സൈറ്റിൽ ഓൺലൈൻ ആയി വാങ്ങുന്നതിനു ലഭ്യമാണ്. കഥാകൃത്തുമായി ബന്ധപ്പെടുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും taxjayaram@gmail.com എന്ന ഈമെയിലിലോ +91 – 62383 48273 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.