കുവൈറ്റ് സിറ്റി : വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്ത വിദേശിയെ കുവൈറ്റില്‍ പോലീസ് അറസ്റ്റ് ചെയ്തു.
അബാസിയയില്‍ ഇയാള്‍ താമസിക്കുന്ന മുറിയില്‍ പ്രിന്റിംഗ് മെഷീന്‍ സജ്ജീകരിച്ചാണ് ആവശ്യക്കാര്‍ക്കായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി കൊടുത്തിരുന്നത്.
ഓയില്‍ റിഫൈനറി പോലുള്ള നിയന്ത്രിതമായ പ്രദേശത്തേക്കുള്ള തിരിച്ചറിയല്‍ രേഖയാണ്
ഇയാള്‍ അനധികൃതമായി നിര്‍മിച്ചത്. സ്ഥാപനങ്ങളുടെ വ്യാജ മുദ്രയും സീലും ഒപ്പും ഉള്‍പ്പെടുത്തിയിയാണ് കാര്‍ഡുകള്‍ തയാറാക്കുന്നത്.
കഴിഞ്ഞദിവസം ഇത്തരത്തിലുള്ള വ്യാജ കാര്‍ഡ് പിടിക്കപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളിലേക്ക് അന്വേഷണ സംഘത്തെ കൊണ്ടെത്തിച്ചത്. ദിവസവും നിരവധി വ്യാജ കാര്‍ഡുകളാണ് ഇയാള്‍ നിര്‍മിച്ചു നല്‍കിയിരുന്നത്. വ്യാജ കാര്‍ഡുകള്‍ക്ക് നൂറ് ദിനാര്‍ വരെ ഈടാക്കിയിരുന്നതായി പ്രതി പോലീസിനോട് പറഞ്ഞു. ഇയാളുടെ മുറിയില്‍ നിന്ന് ഡെലിവറിക്ക് തയാറായ നിലയില്‍ നിരവധി ഐഡി കാര്‍ഡുകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷനു കൈമാറി.
സലിം കോട്ടയില്‍