കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതിയുടെ അനുമതി. തുടരന്വേഷണം തടയണമെന്നും തനിക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഏപ്രില്‍ 15നകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി പ്രോസിക്യുഷന് നിര്‍ദേശം നല്‍കി.
ഈ കേസില്‍ പ്രോസിക്യുഷന ഇതുവരെ ഹാജരാക്കിയ തെളിവുകളുടെ സാധുത ഈ ഘട്ടത്തില്‍ പരിശോധിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തെളിവുകള്‍ വ്യാജമാണെന്നായിരുന്നു ദിലീപിന്റെ ആരോപണം.
തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസമാണ് പ്രോസിക്യുഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒന്നര മാസമാണ് കോടതി അനുവദിച്ചത്. അന്വേഷണം പാടില്ലെന്ന് പറയാന്‍ പ്രതിക്ക് അവകാശമില്ലെന്ന് പ്രോസിക്യുഷന്‍ വാദിച്ചു. ഇത് കോടതി പരിഗണിച്ചു. ആക്രമണത്തിനിരയായ നടിയും തുടരന്വേഷണം തടയണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരെ കക്ഷി ചേര്‍ന്നിരുന്നു.
അതേസമയം, ദിലീപിന്റെ ആശങ്കയും കോടതി മുഖവിലയ്‌ക്കെടുത്തിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ വിചാരണ അനന്തമായി നീട്ടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കമെന്ന് ദിലീപ് ആരോപിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് തുടരന്വേഷണത്തിന് അടിസ്ഥാനം. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും കേസിലെ പ്രതി പള്‍സര്‍ സുനിയെ ദിലീപിന്റെ വീട്ടില്‍ വച്ച് കണ്ടിട്ടുണ്ടെന്നുമാണ് ബാലചന്ദ്ര കുമാറിന്റെ പ്രധാന ആരോപണം. ദൃശ്യങ്ങള്‍ കാണാന്‍ ദിലീപ് തന്നെ ക്ഷണിച്ചിരുന്നുവെന്നും പള്‍സര്‍ സുനിയുമായി ദിലീപിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് കേസിനു പിന്നിലെന്ന് ദിലീപ് ആരോപിച്ചിരുന്നു. പരാതിക്കാരനായ ഉദ്യോഗസ്ഥന്‍ തന്നെ തുടരന്വേഷണം നടത്തുന്നത് ശരിയല്ലെന്നും തുടരേന്വഷണത്തിന് സാധ്യതയില്ലെന്നും ദിലീപ് പറഞ്ഞിരുന്നു.
തുടരന്വേഷണ കേസില്‍ മാര്‍ച്ച് 10നകം അന്തിമ റിപ്പോര്‍ട്ട് നല്‍കാനാണ് വിചാരണ കോടതി നിര്‍ദേശിച്ചിരുന്നത്. ഒരു മാസം കൂടി സാവകാശമാണ് പ്രോസിക്യുഷന് ലഭിച്ചത്.
അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന മറ്റൊരു കേസ് കൂടി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.