കൊച്ചി: തൃശൂര്‍ കൊരട്ടിയില്‍ യുവതിയെ ഭര്‍തൃമാതാവിന്റെ സുഹൃത്ത് വീട്ടില്‍ കയറി മര്‍ദ്ദിച്ചു. അമ്മയും സുഹൃത്തും തമ്മിലുള്ള അതിരുവിട്ട ബന്ധം എതിര്‍ത്തതാണ് മര്‍ദ്ദനത്തിന് കാരണമെന്നു പറയുന്നു. മുഖത്ത് ഇടിയേറ്റു ഗുരുതരാവസ്ഥയിലായ പെരുമ്പാവൂര്‍ സ്വദേശിനി എം.എസ്. വൈഷ്ണവി അങ്കമാലി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊരട്ടി പാലപ്പള്ളി മോഴിക്കുളം മുകേഷുമായി ആറുമാസം മുന്‍പായിരുന്നു യുവതിയുടെ വിവാഹം. കൊരട്ടിയിലെ ഭര്‍തൃവീട്ടില്‍ എത്തിയ യുവതിയെ ഭര്‍തൃമാതാവും ഭര്‍ത്താവിന്റെ സഹോദരനും മര്‍ദിച്ചിരുന്നതായും തന്നെ പട്ടിണിക്കിട്ടെന്നും യുവതി പറയുന്നു.
മൂന്നു കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്ന സുഹൃത്തുമായി അമ്മയുടെ അടുപ്പം അതിരുവിടുന്നെന്നു തോന്നിയപ്പോള്‍ വിലക്കിയതാണ് മര്‍ദനത്തിനു കാരണമെന്നാണു യുവതി പറയുന്നത്. നിരാലംബരായ സ്ത്രീകളെയും വിധവകളെയും സഹായിക്കുകയാണ് ഇയാള്‍ എന്നാണ് അവകാശവാദം. ഇത്തരത്തില്‍ വശത്താക്കിയതാണ് തന്റെ അമ്മയെ എന്നു പരുക്കേറ്റ യുവതിയുടെ ഭര്‍ത്താവ് പറയുന്നു.
ഇയാള്‍ പറയുന്നതു മാത്രമേ അമ്മ കേള്‍ക്കൂ എന്നു വന്നതോടെയാണ് വീട്ടില്‍ വരുന്നതിനും അനാവശ്യമായി ഫോണ്‍ വിളിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയത്. ഇയാള്‍ കൊല്ലുമെന്നു ഭീഷണി മുഴക്കിയതോടെ ഇക്കാര്യം ഇയാളുടെ ഭാര്യയെയും മകനെയും അറിയിച്ചു. ഇത് രണ്ടു കുടുംബത്തിന്റെയും പ്രശ്‌നമാണ്, രമ്യമായി പരിഹരിക്കണം എന്നായിരുന്നു ഇയാളുടെ വീട്ടുകാരുടെ മറുപടി.
ഞായറാഴ്ച രാത്രി വീടിന്റെ തൊട്ടടുത്തുള്ള വീട്ടില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇയാള്‍ അപ്രതീക്ഷിതമായി കയറി വന്നതും വൈഷ്ണവിയുടെ മുഖത്ത് ഇടിച്ചതും. തടയാന്‍ ചെന്ന ഭര്‍ത്താവിനും മര്‍ദനമേറ്റെങ്കിലും പരുക്കില്ല. ഇയാള്‍ വന്ന കാര്‍ തടഞ്ഞിടുകയും നാട്ടുകാരെ വിളിച്ചു കൂട്ടുകയും ചെയ്തു. തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയില്‍നിന്ന് അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തി മൊഴിയെടുത്തെങ്കിലും ഇയാളെ അറസ്റ്റു ചെയ്തില്ല. ഇയാള്‍ ഒളിവിലാണെന്നു പൊലീസ് പറയുന്നു.