ഡാളസ്: വിമുക്ത ഭടന്മാര്ക്കിടയില് വര്‍ധിച്ചു വരുന്ന ആത്മഹത്യപ്രവണത തടയുന്നതിനുള്ള ക്രിയാത്മക പരിപാടികള്‍ക്ക് ഭരണകൂടം അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്. സ്വകാര്യ സന്ദര്‍ശനത്തിനു ഡാളസില്‍ എത്തിയതായിരുന്നു പ്രസിഡന്റ്.
ചൊവ്വാഴ്ച (മാര്‍ച്ച് 8) ഉച്ച കഴിഞ്ഞു 3 മണിയോടെ ഡാളസ് ഫോര്‍ട്ട്വര്‍ത്തിലെ വെറ്ററന്‍സ് അഫയേഴ്സ് ആശുപത്രി സന്ദര്‍ശിച്ചു രോഗികളുമായി സംസാരിച്ച ശേഷം 20 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തിലാണു ബൈഡന് തീരുമാനം പ്രഖ്യാപിച്ചത്. രണ്ടു വര്‍ഷമായി റഷ്യന്‍ ജയിലില്‍ കഴിയുന്ന നോര്‍ത്ത് ടെക്സസില്‍ നിന്നുള്ള മറീന്‍ റീഡിന്റെ കുടുംബാംഗങ്ങളുമായി ബൈഡന് ഫോണില്‍ സംസാരിച്ചു.
വിമുക്തഭടന്മാരുടെ ആരോഗ്യ സംരക്ഷണത്തിനു ഭരണകൂടം മുന്തിയ പരിഗണന നല്‍കുമെന്നും ശ്വാസകോശ സംബന്ധമായ കാന്‍സര്‍ രോഗങ്ങള്‍ കൂടി ഇന്‍ഷ്വറന്‍സിന്റെ പരിധിയില്‍ കൊണ്ടുവരുമെന്നും ബൈഡന് പറഞ്ഞു.
യുദ്ധ മേഖലകളില്‍ ഉപേക്ഷിക്കപ്പെടുകയോ അവശേഷിക്കപ്പെടുകയോ ചെയ്യുന്ന യുദ്ധ സാമഗ്രികള്‍ കത്തിച്ചു കളയുന്നതു കൂടുതല്‍ ശ്വാസകോശ രോഗങ്ങള്‍ക്കഉ കാരണമാകാം എന്നും ബൈഡന് കൂട്ടിച്ചേര്‍ത്തു. ഇറാക്കില്‍ മിലിട്ടറി വെയ്സ്റ്റ് കത്തിച്ചുകളഞ്ഞതിനെ തുടര്‍ന്നുണ്ടായ വിഷലിപ്തമായ അന്തരീക്ഷമാകാം തന്റെ മകന് ബ്വു ബൈഡന്റെ മരണത്തിനു കാരണമെന്നും ബൈഡന് പറഞ്ഞു.
2.30 ന് ഫോര്ട്ട്വര്ത്തില് എത്തിചേര്‍ന്ന ബൈഡനെ വെറ്ററന്‍സ് അഫയേഴ്സ് സെക്രട്ടറി ഡെന്നിട് മെക്ക്ഡൊണാള്‍ഡ് അനുഗമിച്ചിരുന്നു. ഡാലസിലേക്കു പുറപ്പെടുന്നതിന് മുന്‍പാണു ബൈഡന് റഷ്യയില്‍ നിന്നുള്ള ഓയില്‍ ഇറക്കുമതി താല്‍ക്കാലികമായി നിര്‍ത്തി വച്ചുകൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചത്. തീരുമാനം പുറത്തുവന്നതോടെ അമേരിക്കയില്‍ ഒരു ഗ്യാലന് ഗ്യാസിന്റെ വില ശരാശരി 4.50 ഡോളറായി ഉയര്‍ന്നു. രണ്ടാഴ്ച മുമ്പുവരെ മൂന്നു ഡോളറിനു താഴെയായിരുന്നു വില.