തിരുവനന്തപുരം: വര്‍ക്കലയില്‍ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിക്കാനിടയായ തീപിടിത്തം ഉണ്ടായത് കാര്‍ പോര്‍ച്ചില്‍നിന്ന്. കാര്‍ പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡില്‍ നിന്നുണ്ടായ തീപ്പൊരിയാണ് ഒരു കുടുംബത്തിറെ മുഴുവന്‍ ജീവനെടുത്തതെന്ന് പോലീസ് പറയുന്നു. അപകടം നടന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് തീപടര്‍ന്നതിന്റെ കാരണം വ്യക്തമായത്.
സ്വിച്ച് ബോര്‍ഡിന് പുറത്തേയ്ക്കു കിടന്ന വയര്‍ കത്തിയുണ്ടായ തീപ്പൊരി കാര്‍ പോര്‍ച്ചിലെ ബൈക്കില്‍ വീണു. പെട്രോള്‍ ടാങ്കിലാണ് തീപ്പൊരി വീണത്. ഇതോടെ ഉഗ്രസ്‌ഫോടനം ഉണ്ടായി. പിന്നാലെ തീ വീടിനുള്ളിലേക്ക് പടര്‍ന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. പുത്തന്‍ചന്തയിലെ പച്ചക്കറി മൊത്തവ്യാപാര ശാലയായ ആര്‍പിഎന്‍ വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്‌സ് ഉടമ ചെറുന്നിയൂര്‍ അയന്തി പന്തുവിള രാഹുല്‍ നിവാസില്‍ പ്രതാപന്‍ (ബേബി-62), ഭാര്യ ഷേര്‍ളി (53), മകന്‍ അഹില്‍ (29), മകന്‍ നിഹുലിന്റെ ഭാര്യ അഭിരാമി (25), ഇവരുടെ മകന്‍ റയാന്‍ (8 മാസം) എന്നിവരാണു മരിച്ചത്. പൊള്ളലേറ്റും പുകയില്‍ ശ്വാസംമുട്ടിയുമാണ് എല്ലാവരുടെയും മരണം. നിഹുല്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.