ജയ്പൂര്‍: സംസ്ഥാനത്ത് പുരുഷന്മാരുടെ ആധിപത്യം ബലാൽസംഗ കുറ്റകൃത്യങ്ങളിൽ ഒന്നാം സ്ഥാനത്തിന് കാരണമായെന്ന് രാജസ്ഥാന് പാർലമെന്ററി കാര്യ മന്ത്രി ശാന്തി ധരിവാൾ. രാജസ്ഥാൻ ബലാത്സംഗ കുറ്റകൃത്യങ്ങളിൽ ഒന്നാമതെത്തിയതിന്റെ കാരണം വിശദീകരിക്കുകയായിരുന്നു മന്ത്രി. അദ്ദേഹത്തിന്റെ ഈ പ്രസ്താവന വിവാദമാകുകയും ചെയ്തു.
“ബലാത്സംഗക്കേസുകളിൽ നമ്മുടെ സംസ്ഥാനം ഒന്നാമതാണ്, ഇപ്പോൾ ഈ ബലാത്സംഗക്കേസുകളുടെ കാരണങ്ങൾ എന്തൊക്കെയാണ്? എവിടെയോ ഒരു പിഴവ് സംഭവിച്ചിട്ടുണ്ട്. എന്തായാലും രാജസ്ഥാൻ പുരുഷന്മാരുടെ സംസ്ഥാനമാണ്, ഇനി എന്ത് ചെയ്യും,” അദ്ദേഹം ചോദിച്ചു.
അദ്ദേഹത്തിന്റെ പരാമർശം പല മന്ത്രിമാരെയും കോൺഗ്രസ് എംഎൽഎമാരെയും ചിരിപ്പിച്ചു. ബുധനാഴ്ച രാത്രി നിയമസഭയിൽ പോലീസിന്റെയും ജയിലിന്റെയും ഗ്രാന്റ് ആവശ്യങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്ന ധരിവാളിനെ ആരും തടസ്സപ്പെടുത്തിയില്ല.
“ബലാത്സംഗക്കേസിൽ രാജസ്ഥാൻ ഒന്നാം സ്ഥാനത്താണ്, അതിൽ സംശയമില്ല. ഉത്തർപ്രദേശ് രണ്ട്, മധ്യപ്രദേശ് മൂന്ന്, അസം അഞ്ച്, ഹരിയാന ആറാം സ്ഥാനത്താണ്. ഇത് സംബന്ധിച്ച് ബിജെപി നൽകുന്ന തെറ്റായ കണക്കുകൾ തിരുത്തിയിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിസഭയില്‍ മൂന്ന് വനിതാ മന്ത്രിമാരുള്ളപ്പോഴാണ് ധരിവാളിന്റെ ഈ പ്രസ്താവന.
പാർലമെന്ററികാര്യ മന്ത്രി പ്രസ്താവന നടത്തിയ സമയത്ത് പ്രതിപക്ഷ എംഎൽഎമാർ സഭയിൽ ഉണ്ടായിരുന്നില്ല. ധരിവാൾ മറുപടി പറയാൻ തുടങ്ങിയപ്പോൾ തന്നെ ബിജെപി എംഎൽഎമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.