മീഡിയ വണ്‍ വിലക്ക്: എല്ലാ ഫയലുകളും ഹാജരാക്കാന്‍ കേന്ദ്രത്തിന് സുപ്രീം കോടതി നിര്‍ദേശം; ചൊവ്വാഴ്ച വാദം കേള്‍ക്കും

ന്യൂഡല്‍ഹി: മീഡിയ വണ്‍ ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കാത്തതിന് കാരണമായ എല്ലാ ഫയലുകളും ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡും എഡിറ്റര്‍ പ്രമോദ് രാമന്‍ ഉള്‍പ്പടെ ചാനലിലെ മൂന്ന് ജീവനക്കാരും നല്‍കിയ ഹര്‍ജിയില്‍ ആണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ഹര്‍ജികളിലും സ്റ്റേ ആവശ്യത്തിലും അടുത്ത ചൊവ്വാഴ്ച്ച കോടതി വാദം കേള്‍ക്കും.

ഹൈക്കോടതി വിധിയോടെ മീഡിയ വണ്‍ ചാനല്‍ നിലവില്‍ അടച്ച് പൂട്ടിയിരിക്കുകയാണെന്ന് മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി കോടതിയില്‍ ചൂണ്ടിക്കാട്ടി. മുന്നൂറില്‍ അധികം ജീവനക്കാര്‍ക്ക് ശമ്പളം ഉള്‍പ്പടെ നല്‍കുന്നത് പ്രതിസന്ധിയിലാണ്. അതിനാല്‍ അടിയന്തിരമായി കോടതിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹൈക്കോടതിയില്‍ ഡിവിഷന്‍ ബെഞ്ച് വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി നാല് ആഴ്ചയ്ക്ക് ശേഷമാണ് വിധി പ്രസ്താവിച്ചത് എന്ന് മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ ചൂണ്ടിക്കാട്ടി. വിധി ഉടനെ ഉണ്ടാകുമെന്ന് കരുതിയാണ് ഇടക്കാല ഉത്തരവ് വേണ്ടെന്ന നിലപാട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ സ്വീകരിച്ചത്. എന്നാല്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായതിന് ശേഷം ഹര്‍ജിക്കാരായ തങ്ങള്‍ അറിയാതെ നോട്ടീസ് അയച്ച് സര്‍ക്കാര്‍ ഫയലുകള്‍ വിളിച്ച് വരുത്തി ഡിവിഷന്‍ ബെഞ്ച് പരിശോധിക്കുക ആയിരുന്നുവെന്നും ദാവെ വാദിച്ചു.

തുടര്‍ന്നാണ് സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ഫയല്‍ പരിശോധിച്ച ശേഷം സ്റ്റേ ആവശ്യത്തില്‍ ഉള്‍പ്പടെ തീരുമാനമെടുക്കുമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമനും, മറ്റ് മുതര്‍ന്ന രണ്ട് ജീവനക്കാര്‍ക്കും വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഹുഫേസ അഹമ്മദിയും, മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് വേണ്ടി അഭിഭാഷകന്‍ ഹാരിസ് ബീരാനും ഹാജരായി.

 

Print Friendly, PDF & Email

Leave a Comment

More News