മോസ്കോ: ഉക്രെയ്നിലെ മരിയുപോൾ സിറ്റിയിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെ തങ്ങളുടെ സൈന്യം വ്യോമാക്രമണം നടത്തി എന്ന അവകാശവാദം “വിവര ഭീകരത” എന്ന് പറഞ്ഞ് റഷ്യ തള്ളിക്കളഞ്ഞു.
ഉപരോധിക്കപ്പെട്ട തുറമുഖ നഗരമായ മരിയുപോളിലെ കുട്ടികളുടെ ആശുപത്രിയിലും പ്രസവ വാർഡിലും റഷ്യൻ സൈന്യം നിരവധി തവണ വ്യോമാക്രമണം നടത്തിയതായും, ആക്രമണത്തിൽ 17 പേർക്ക് പരിക്കേറ്റതായും ഉക്രെയ്ൻ ബുധനാഴ്ച അവകാശപ്പെട്ടു.
ആക്രമണം കുട്ടികളെയും മറ്റുള്ളവരെയും അവശിഷ്ടങ്ങൾക്കടിയിൽ കുടുക്കി, “നീതീകരണമില്ലാത്ത ഒരു യുദ്ധക്കുറ്റം” എന്ന് കിയെവ് ആരോപിച്ചു. എന്നാല്‍, വ്യാഴാഴ്ച റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ ഈ ആരോപണം ശക്തമായി തള്ളിക്കളഞ്ഞു, “ഇത് വിവര ഭീകരതയാണ്” എന്നും സഖരോവ വിശേഷിപ്പിച്ചു.
നേരത്തെ, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആക്രമണത്തെ “ഭയങ്കരം” എന്ന് അപലപിച്ചിരുന്നു. സിവിലിയന്മാർ “തങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു യുദ്ധത്തിന് ഏറ്റവും ഉയർന്ന വില കൊടുക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച, യുഎന്നിലെ റഷ്യൻ ഫസ്റ്റ് ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി ദിമിത്രി പോളിയാൻസ്കിയും ആശുപത്രി ബോംബാക്രമണ ആരോപണം തള്ളിക്കളഞ്ഞു.
ലക്ഷക്കണക്കിന് ആളുകൾ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിക്കിടക്കുകയാണ്. മരിയുപോളടക്കം നിരവധി നഗരങ്ങളിൽ വൈദ്യുതിയും ഇല്ല. മരിയുപോളിൽ നിന്ന് ഒരു മാനുഷിക ഇടനാഴി സ്ഥാപിക്കാൻ മുമ്പ് നടത്തിയ നിരവധി ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു.
ഫെബ്രുവരി 24 നാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉക്രെയ്നെതിരെ “പ്രത്യേക സൈനിക നടപടി” പ്രഖ്യാപിച്ചത്.
സാധാരണക്കാരെ വെറുതെ വിടുന്നില്ലെന്ന് ആരോപിച്ച് പാശ്ചാത്യ രാജ്യങ്ങൾ മോസ്കോയ്ക്കെതിരെ നിരവധി ഉപരോധങ്ങളാണ് ഏര്‍പ്പെടുത്തിയത്.