ഷാര്‍ജ: പെരിയാറിന്റെ കുത്തൊഴുക്കിനെതിരെ നീന്തി കയറിയ മലയാളിക്കരയുടെ അഭിമാനമായ ആസിം വെളിമണ്ണയ്ക്ക് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. യുഎഇയിലെ അറിയപ്പെടുന്ന നിയമപ്രതിനിധിയും സാമൂഹ്യ പ്രവര്‍ത്തകനുമായ സലാം പാപ്പിനിശേരിയുടെ ക്ഷണം സ്വീകരിച്ചാണ് ഇദ്ദേഹം യുഎഇയില്‍ എത്തിയിരിക്കുന്നത്.
61 മിനിറ്റുകളെടുത്ത് പെരിയാറിലെ അദ്വൈതാശ്രമം കടവു മുതല്‍ ശിവരാത്രി മണപ്പുറം വരെയുള്ള വീതിയേറിയ ഭാഗം നീന്തിക്കയറിയാണ് പതിനഞ്ചു വയസുകാരനായ ആസിം മലയാളക്കരയെ അദ്ഭുതപെടുത്തിയത്. ഈ അടുത്ത കാലത്ത് മലയാള സിനിമാനടന്‍ ഗിന്നസ് പക്രുവുമായുള്ള ആസിമിന്റെ അഭിമുഖത്തില്‍ തനിക്ക് ദുബായ് കാണണമെന്ന ആഗ്രഹം പങ്കുവെച്ചുകൊണ്ടുള്ള വീഡിയോ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹം മുന്‍ കൈയെടുത്താണ് ആസിമിനെ യുഎഇയിലേക്ക് കൊണ്ടുവന്നത്.
ആസിമിനൊപ്പം പിതാവ് മുഹമ്മദ് ഷഹീദ് യമാനിയും സാഹസിക നീന്തല്‍ പരിശീലകന്‍ സജി വാളശ്ശേരിയും എത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ആസിമിന്റെ നീന്തല്‍ ഉള്‍പ്പടെ യുഎഇയിലെ വിവിധ അസോസിയേഷനുകളിലും പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് സലാം പാപ്പിനിശ്ശേരി വിവശദമാക്കി.