വാഷിംഗ്ടണ്: ആണവോർജ്ജത്തെയും യുറേനിയം ഖനന വ്യവസായത്തെയും സാരമായി ബാധിച്ചേക്കാവുന്ന റഷ്യൻ ആണവ വിതരണക്കാരായ റോസാറ്റോമിന്മേൽ (Rosatom) ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക ആലോചിക്കുന്നതായി റിപ്പോർട്ട്.
റഷ്യയുടെ ആണവോർജ്ജ കമ്പനിക്കെതിരെ ശിക്ഷാനടപടികൾ ചുമത്തിയാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് വൈറ്റ് ഹൗസ് ആണവോർജ്ജ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നവരുമായി കൂടിയാലോചിച്ച് വരികയാണെന്ന് ഒരു മുതിർന്ന യുഎസ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ ബ്ലൂംബെർഗിനോട് പറഞ്ഞു.
2007-ൽ സ്ഥാപിതമായ, റോസാറ്റം സ്റ്റേറ്റ് ന്യൂക്ലിയർ എനർജി കോർപ്പറേഷൻ എന്നറിയപ്പെടുന്ന സർക്കാർ ഉടമസ്ഥതയിലുള്ള റോസാറ്റം കോർപ്പറേഷൻ, ലോകത്തിലെ ഏറ്റവും വലിയ ആണവോർജ്ജ കമ്പനികളിലൊന്നായി കണക്കാക്കപ്പെടുന്നു. കൂടാതെ, ലോകമെമ്പാടുമുള്ള പവർ പ്ലാന്റുകളിലേക്ക് ഇന്ധനത്തിന്റെയും സാങ്കേതികവിദ്യയുടെയും പ്രധാന വിതരണക്കാരുമാണ്.
റഷ്യയുടെ യുറേനിയം ഉൽപ്പാദനം നിയന്ത്രിക്കുന്ന റോസാറ്റം റഷ്യൻ ഫെഡറേഷന്റെ ഒരു പ്രധാന വരുമാന സ്രോതസ്സാണ്. ലോകത്തെ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ 35 ശതമാനവും കമ്പനിയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുമാണ്. യൂറോപ്പിലുടനീളമുള്ള രാജ്യങ്ങളിലേക്ക് ആണവ ഇന്ധനം കയറ്റി അയക്കുന്നതിനുള്ള കരാറുകൾ ഇതിനുണ്ട്. തന്നെയുമല്ല, യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന യുറേനിയത്തിന്റെ 16.5 ശതമാനവും ഇവര് വിതരണം ചെയ്യുന്നു.
ഒരു ദിവസം മുമ്പ്, റഷ്യൻ എണ്ണയുടെയും മറ്റ് ഊർജ ഉൽപന്നങ്ങളുടെയും അമേരിക്കൻ ഇറക്കുമതിക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നിരോധനം ഏർപ്പെടുത്തിയിരുന്നെങ്കിലും ആണവ നിലയങ്ങൾക്കുള്ള യുറേനിയം ഇറക്കുമതിക്ക് ഉപരോധം ഏർപ്പെടുത്തിയിട്ടില്ലെന്ന് ഇക്കാര്യം പരിചയമുള്ള ഒരു സ്രോതസ്സ് മാധ്യമങ്ങളോട് പറഞ്ഞു.
റോസാറ്റോമിന്മേൽ എന്തെങ്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ, കഴിഞ്ഞ മാസം ആരംഭിച്ച ഉക്രെയ്നിനെതിരായ റഷ്യൻ സൈനിക ആക്രമണത്തിന് മറുപടിയായി മോസ്കോയ്ക്കെതിരായ വാഷിംഗ്ടണിന്റെ കടുത്ത ശിക്ഷാ നടപടികളുടെ ഭാഗമായിരിക്കും.
ചൊവ്വാഴ്ച, ബൈഡൻ റഷ്യൻ എണ്ണയ്ക്കും മറ്റ് ഊർജ്ജ ഇറക്കുമതിക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ നീക്കത്തെ “റഷ്യയ്ക്കെതിരായ സാമ്പത്തിക യുദ്ധം” എന്ന് മോസ്കോ അപലപിച്ചു.
ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞത് വാഷിംഗ്ടൺ “ഈ യുദ്ധം യഥാർത്ഥത്തിൽ നടത്തുകയാണ്” എന്നാണ്. പാശ്ചാത്യ ഉപരോധങ്ങൾ സാധ്യതയുള്ള പ്രതിരോധ നടപടികളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ ഞങ്ങളെ നിർബന്ധിക്കുന്നുവെന്നും പെസ്കോവ് പറഞ്ഞു.