തിരുവനന്തപുരം: സംസ്ഥാനത്തെ ഗതാഗത കുരുക്കഴിക്കാനുള്ള പദ്ധതികളുമായി സര്‍ക്കാര്‍. ജങ്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാന്‍ 200 കോടിയും ആറ് പുതിയ ബൈപ്പാസുകളും ബജറ്റില്‍ പ്രഖ്യാപിച്ചു. തുറമുഖങ്ങള്‍, ലൈറ്റ്ഹൗസ്, ഷിപ്പിങ് മേഖല എന്നിവയ്ക്കായി 80.13 കോടി രൂപ വിലയിരുത്തി. റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1207.23 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് സ്ഥലം ഏറ്റെടുക്കാന്‍ 1000 കോടി രൂപ നീക്കിവെച്ചു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള 20 ജങ്ഷനുകള്‍ കണ്ടെത്തും. ഇത് പരിഹരിക്കുന്നതിനുള്ള ചെലവിനായി കിഫ്ബിയില്‍ നിന്ന് ഈ വര്‍ഷം 200 കോടി നീക്കിവെച്ചു. ആറ് ബൈപാസുകള്‍ നിര്‍മിക്കുന്നതിനായി 200 കോടി രൂപ മാറ്റിവെക്കും. തിരുവനന്തപുരം-അങ്കമാലി എംസി റോഡിന്റേയും കൊല്ലം ചെങ്കോട്ട റോഡിന്റേയും വികസനത്തിന് 1500 കോടി രൂപ നല്‍കും.
കെഎസ്ആര്‍ടിസിക്ക് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ സഹായമായി ഇതിനോടകം 1822 കോടി രൂപ നല്കി. മാര്‍ച്ച് അവസാനത്തോടെ ഇത് രണ്ടായിരം കോടിക്ക് മുകളിലെത്തുമെന്നും ധനമന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ പുനരുജ്ജീവനത്തിനായി ഈ ബജറ്റില്‍ 1000 കോടി രൂപ വകയിരുത്തുന്നുവെന്നും കൂടാതെ ഡിപ്പോകള്‍ വിപുലികരിക്കുന്നതിന് 30 കോടി രൂപ കൂടി വകയിരുത്തുന്നുവെന്നും മന്ത്രി പ്രഖ്യാപിച്ചു. ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് 20 കോടിയും ബസുകളെ സിഎന്‍ജി,ഇലക്ട്രിക്ക് എന്നിവയിലേക്ക് മാറ്റുന്നതിനായി 50 കോടിയും അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.