കൊച്ചി: ആറ്റിങ്ങലില്‍ പിങ്ക് പോലീസിന്റെ പരസ്യ വിചാരണയ്ക്ക് ഇരയായ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍. കുട്ടിയുടെ പിതാവിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്കി. ഉദ്യോഗസ്ഥര്‍ ചെയ്ത കുറ്റത്തിന് സര്‍ക്കാര്‍ എന്തിനാണ് നഷ്ടപരിഹാരം നല്‍കുന്നതെന്നും കോടതിക്ക് ഇത്തരത്തില്‍ ഉത്തരവിടാന്‍ കഴിയില്ലെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
വലിയ മാനസിക പീഡനമാണ് പെണ്‍കുട്ടി നേരിടേണ്ടി വന്നതെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. നമ്പി നാരായണന് കേസില്‍ നഷ്ടപരിഹാരം നല്കിയ മാതൃകയില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
പെണ്‍കുട്ടിയോടും കോടതിയോടും മാപ്പ് അപേക്ഷിച്ചുകൊണ്ടുള്ള പോലീസ് ഉദ്യോഗസ്ഥയുടെ സത്യവാങ്മൂലം അംഗീകരിക്കുന്നില്ലെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷക വ്യക്തമാക്കിയിരുന്നു. പോലീസുകാരിക്കെതിരെ നടപടി സ്വീകരിക്കാതെ അവരെ സംരക്ഷിക്കാന്‍ പോലീസ് മേധാവി ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദ്യമുന്നയിച്ചിരുന്നു.