ന്യൂഡല്‍ഹി: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ രണ്ട് വര്‍ഷം ജോലി ചെയ്യുന്നവര്‍ക്ക് ജീവിതാവസാനം വരെ പെന്‍ഷന്‍ നല്‍കുന്ന കേരളം എന്തിന് ഡീസല്‍ വില വര്‍ധനവിനെതിരെ കോടതിയില്‍ എത്തുന്നുവെന്ന് സുപ്രീം കോടതി. രാജ്യത്ത് മറ്റൊരിടത്തും രണ്ട് വര്‍ഷം സേവനം നടത്തുന്നവര്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ലെന്നും കോടതി പറഞ്ഞു. കോടതിയുടെ അതൃപ്തി സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി.ഗിരിയോട് ജസ്റ്റിസ് അബ്ദുല്‍ നസീര്‍
നിര്‍ദേശിച്ചു. വിപണി വിലയേക്കാള്‍ കൂടുതല്‍ തുക ഡീസലിന് ഈടാക്കുന്നതിനെതിരെ കെ.എസ്.ആര്‍.ടി.സി. നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് അബ്ദുല്‍ നസീറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.
കേരളത്തിലെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പെന്‍ഷന്‍ സ്‌കീമിനെ സംബന്ധിച്ച് ഇന്ന് രാവിലെ ഒരു പത്രത്തില്‍ വായിച്ചതായി ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് അബ്ദുല്‍ നസീര്‍ പറഞ്ഞു. രണ്ട് വര്‍ഷം ജോലി ചെയ്യുന്നവര്‍ക്ക് ജീവിതാവസാനം വരെ പെന്‍ഷന്‍ നല്‍കാന്‍ കഴിയുന്ന ഒരു സംസ്ഥാനം എന്തിനാണ് ഡീസല്‍ വില വര്‍ധനവിനെതിരെ കോടതിടയെ സമീപിക്കുന്നതെന്ന് സുപ്രീംകോടതി ആരാഞ്ഞു.
ഇക്കാര്യത്തിലുള്ള തങ്ങളുടെ അതൃപ്തി സംസ്ഥാന സര്‍ക്കാരിലെ ഉന്നതരെ അറിയിക്കാന്‍ കെ.എസ്.ആര്‍.ടി.സി. വേണ്ടി ഹാജരായ അഭിഭാഷകന്‍ വി. ഗിരിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. താന്‍ അറിയിച്ചില്ലെങ്കിലും അഞ്ച് മിനുട്ടിനുള്ളില്‍ മാധ്യമങ്ങളിലൂടെ വാര്‍ത്ത എല്ലാവരും അറിയുമെന്ന് ഗിരി മറുപടി നല്‍കി. ഏതായാലും കോടതിയുടെ വികാരം സര്‍ക്കാരിനെ അറിയിക്കാമെന്ന് അദ്ദേഹം ബെഞ്ചിന് ഉറപ്പ് നല്‍കി.
കോടതി നോട്ടീസ് അയക്കാന്‍ വിസമ്മതിച്ചതിനാല്‍ കെ.എസ്.ആര്‍.ടി.സി. ഹര്‍ജി പിന്‍വലിച്ചു. ആവശ്യമെങ്കില്‍ ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ കെ.എസ്.ആര്‍.ടി.സിക്ക് സമീപിക്കാവുന്നതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.