ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴിയുള്ള രാഷ്ട്രീയ വിവരണങ്ങൾ ലോക്‌സഭയിൽ ഉന്നയിച്ച് കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി. സോഷ്യൽ മീഡിയ ഉപയോഗിച്ച് നമ്മുടെ ജനാധിപത്യത്തെ ഹാക്ക് ചെയ്യുമെന്ന ഭീഷണി വർദ്ധിച്ചു വരികയാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ ആഗോള കമ്പനികളെ രാഷ്ട്രീയക്കാരും രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ വിവരണങ്ങൾ രൂപപ്പെടുത്താൻ ഉപയോഗിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ആഗോള സോഷ്യൽ മീഡിയ കമ്പനികൾ എല്ലാ പാർട്ടികൾക്കും തുല്യ അവസരങ്ങൾ നൽകുന്നില്ലെന്ന് ആവർത്തിച്ച് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.
അധികാരത്തോടുള്ള ഒത്താശയോടെ ഫേസ്ബുക്ക് സാമൂഹിക സൗഹാർദ്ദം തകർക്കുന്ന രീതി നമ്മുടെ ജനാധിപത്യത്തിന് അപകടകരമാണെന്നും സോണിയ ഗാന്ധി പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ദയനീയമായ തോൽവിയാണ് ഉണ്ടായത്. എന്നാല്‍, കോൺഗ്രസിന്റെ മുൻനിര നേതാക്കൾ വീണ്ടും സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ വിശ്വാസമർപ്പിച്ചു.
കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) യോഗത്തിൽ, കോൺഗ്രസ് അംഗങ്ങൾ അവരെ പ്രസിഡന്റായി തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. യോഗത്തിൽ കോൺഗ്രസ് നേതാക്കൾ സോണിയാ ഗാന്ധിയുടെ രാജി വാഗ്ദാനം നിരസിച്ചു. സോണിയയിലുള്ള പാർട്ടിയുടെ വിശ്വാസം അചഞ്ചലമായി തുടരുന്നുവെന്ന് യോഗത്തിന് ശേഷം എല്ലാ കോൺഗ്രസ് നേതാക്കളും പറഞ്ഞു.