തിരുവനന്തപുരം: നിയമസഭ പ്രക്ഷുബ്ദമാക്കി പ്രതിപക്ഷം. ബജറ്റ് സമ്മേളനത്തിന്റെ അവസാനം ദിനം സഭാ നടപടികള്‍ സ്തംഭിപ്പിച്ച പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ചങ്ങനാശേരി മാടപ്പള്ളിയില്‍ സമരം ചെയ്ത നാട്ടുകാര്‍ക്ക് നേര്‍ക്കുണ്ടായ പോലീസ് നടപടിയിലും തിരുവനന്തപുരം ലോ കോളജില്‍ കെ.എസ്.യു വിദ്യാര്‍ത്ഥികള്‍ക്കു നേര്‍ക്കുണ്ടായ എസ്.എഫ്.ഐ അതിക്രമത്തില്‍ പോലീസ് നടപടി വൈകുന്നതിലും പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ ബഹളം. ഈ സര്‍ക്കാരിന്റെ കാലത്ത് ഇതാദ്യമായാണ് പ്രതിപക്ഷം ഇത്രയും ശക്തമായ പ്രതിഷേധം അഴിച്ചുവിടുന്നത്.
ചോദ്യോത്തര വേള ആരംഭിച്ചതോടെ പ്രതിപക്ഷം ബഹളവുമായി നടുത്തളത്തിലെത്തി. ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തിയത്. ബാനറുകളൂം പ്ലക്കാര്‍ഡുകളും പ്രദര്‍ശിപ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ എം്ബി രാജേഷ് അറിയിച്ചു. ചോദ്യോത്തര വേള സ്തംഭിപ്പിച്ച് ബഹളം വയ്ക്കുന്നത് ഉചിതമല്ലെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. എന്നാല്‍ മന്ത്രി പ്രതിപക്ഷത്തെ ചട്ടം പഠിപ്പിക്കേണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മറുപടി.
ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയാന്‍ എഴുന്നേറ്റു. പ്രതിപക്ഷ നേതാവിന്റെ മൈക്ക് സ്പീക്കര്‍ ഓഫ് ചെയ്തതും വീണ്ടും പ്രേകാപനമുണ്ടാക്കി. മൈക്ക് ഓഫ് ചെയ്തത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ചോദ്യോത്തരവേള സര്‍ക്കാരിനെതിരായ കുപ്രചാരണത്തിന് പ്രതിപക്ഷം ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സഭ ബഹിഷ്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ഇറങ്ങിപ്പോകാന്‍ തുടങ്ങിയ പ്രതിപക്ഷത്തെ ഭരണപക്ഷത്തെ ചില അംഗങ്ങള്‍ പ്രകോപിപ്പിച്ചു. ഇതോടെ പ്രതിപക്ഷ-ഭരണകക്ഷി അംഗങ്ങള്‍ തമ്മില്‍ സഭയ്ക്കുള്ളില്‍ വാഗ്വാദമുണ്ടായി. ബഹിഷ്കരണം പ്രഖ്യാപിച്ച ശേഷം സഭയില്‍ പ്രതിഷേധിക്കുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ അറിയിച്ചു.
സഭ വിട്ടിറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ സഭാ കവാടത്തില്‍ പ്രതിഷേധിച്ചു. ലോകോളജില്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച പ്രതികള്‍ക്ക് പോലീസ് സുഖവാസമൊരുക്കുകയാണ്. വിദ്യാര്‍ത്ഥികളെ കോളജില്‍ വച്ചും ആശുപത്രിയില്‍ വച്ചും മര്‍ദ്ദിച്ച ശേഷം താമസിച്ചിരുന്ന വീട്ടില്‍ അര്‍ദ്ധരാത്രി അതിക്രമിച്ചു കയറിയും മര്‍ദ്ദിച്ചു.
പിണറായി വിജയന്റെ പോലീസ് മര്‍ദ്ദനമേറ്റ കുട്ടികള്‍ക്കെതിരെ ജാമ്യമില്ലാത്ത കേസെടുത്തിരിക്കുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ സ്ത്രീ വിരുദ്ധ നിലപാടാണ് പോലീസ് എടുക്കുന്നത്.
സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രക്ഷോഭം യു.ഡി.എഫ് ഏറ്റെടുക്കുകയാണ്. യു.ഡി.എഫ് പ്രതിനിധി സംഘം മാടപ്പള്ളിയിലേക്ക് പോകുകയാണ്. നാളെ നൂറു കേന്ദ്രങ്ങളില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രക്ഷോഭത്തിന് തുടക്കമിടുകയാണ്. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിയെ കൊണ്ട് പറയിക്കും വരെ സമരമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷ സംഘം മാടപ്പള്ളിയിലേക്ക് പുറപ്പെട്ടു.