ടെക്സസ് : ആറു വിദ്യാര്‍ത്ഥികളും, ഗോള്‍ഫര്‍ കോച്ചും , പിക്കപ്പ് ട്രക്ക് ഡ്രൈവറും , യാത്രക്കാരനും ഉള്‍പ്പെടെ 9 പേര് കൊല്ലപ്പെടുകയും രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അപകടത്തിന് കാരണമായ പിക്കപ്പ് ട്രക്ക് ഓടിച്ചിരുന്നത് 13 വയസ്സുള്ള ആണ്‍കുട്ടിയായിരുന്നുവെന്ന് നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡ് അധികൃതര്‍ മാര്‍ച്ച് 17 വ്യാഴാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു .
രണ്ടു ലൈന്‍ മാത്രമുള്ള റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് ട്രക്ക് എതിരെ വന്നിരുന്ന സൗത്ത് വെസ്റ്റ് യൂണിവേഴ്സിറ്റി ഗോള്‍ഫ് കളിക്കാര്‍ സഞ്ചരിച്ചിരുന്ന വാനില്‍ നേര്‍ക്ക് നേര് ഇടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങള്‍ക്കും തീ പിടിച്ചതിനെ തുടര്‍ന്നാണ് 9 പേര് കൊല്ലപ്പെട്ടത് , ആളി പടര്‍ന്ന തീയില്‍ നിന്ന് ഇവരെ രക്ഷിക്കാനുള്ള ശ്രമം വിഫലമാകുകയായിരുന്നു . ഒടുവില്‍ രണ്ടു പേരെ രക്ഷപ്പെടുത്തി ലമ്പക്ക് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററില്‍ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ചു .
ടെക്സസിലെ മിഡ്ലാന്‍ഡില്‍ നടന്ന മത്സരത്തിന് ശേഷം വനിതാ പുരുഷ കളിക്കാരും കോച്ചും അടങ്ങിയ ടീം മിനി വാനില്‍ ന്യുമെക്സിക്കോയിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടത്തില്‍ പെട്ടത് . പിക്കപ്പ് ട്രക്കില്‍ പതിമൂന്നു വയസ്സുകാരന് പുറമെ 38 വയസ്സുള്ള യാത്രക്കാരനും അപകടത്തില്‍ മരിച്ചു
ഇടത് ഭാഗത്തുള്ള സ്പെയര്‍ ടയര്‍ പൊട്ടിയതാകാം നിയന്ത്രണം നഷ്ട്ടപ്പെടാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു .
26 വയസ്സുള്ള കോച്ചും 18 നും 20 നും ഇടയിലുള്ള രണ്ടു വനിതകളും നാല് യുവാക്കളുമാണ് മിനി വാനില്‍ കൊല്ലപ്പെട്ടവര്‍ . ഒന്റാരിയോയില്‍ നിന്നുള്ള മറ്റു രണ്ടു വിദ്യാര്‍ത്ഥികളാണ് ആശുപത്രിയില്‍ കഴിയുന്നത്.