തിരുവനന്തപുര: പൊതുമേഖലാ എണ്ണക്കമ്പനികളില്‍നിന്ന് ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തില്‍ ഇന്ധനം വാങ്ങുന്ന കെഎസ്ആര്‍ടിസിക്കും വില കുത്തനെ വര്‍ദ്ധിപ്പിച്ചതിനെതിരേ കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. 2022 ഫെബ്രുവരി 18-ന് മാര്‍ക്കറ്റ് വിലയേക്കാള്‍ 4.41 രൂപ അധിക നിരക്കിലും മാര്‍ച്ച് 16 ന് നിലവിലെ മാര്‍ക്കറ്റ് വിലയെക്കാള്‍ 27.88 രൂപയുടെ വ്യത്യാസത്തിലുമാണ് എണ്ണക്കമ്പനികള്‍ കെഎസ്ആര്‍ടിസിക്ക് ഇന്ധനം നല്‍കുന്നത്. ഇത് നീതി കേടാണെന്നും ലാഭകരമല്ലാത്ത റൂട്ടില്‍ പോലും പൊതുജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി സേവനം നടത്തുന്ന കെഎസ്ആര്‍ടിസിക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് നല്‍കുന്നതിന്റെ ഇരട്ടി നിരക്കില്‍ ഇന്ധനം നല്‍കുന്നത് നീതീകരിക്കാനാകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കേരളത്തിലെ ഏതെങ്കിലും ഒരു ഇന്ധന പമ്പില്‍ നിന്നും ഒരു ബസില്‍ റീട്ടെയില്‍ ഔട്ട് ലൈറ്റില്‍ നിന്നും 93.47 രൂപയ്ക്ക് ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങുമ്പോള്‍ കെഎസ്ആര്‍ടിസി 121.36 രൂപ നല്കി വേണം ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങാന്‍ എന്നതാണ് സാഹചര്യം. അതായത്, വിപണി വിലയേക്കാള്‍ 27.88 രൂപയുടെ വ്യത്യാസത്തിലാണ് കെഎസ്ആര്‍ടിസിക്ക് എണ്ണക്കമ്പനികള്‍ ഡീസല്‍ നല്‍കുന്നത്. ഇങ്ങനെ വില വര്‍ദ്ധനവ് എങ്ങനെയാണ് ഉണ്ടായതെന്ന് എണ്ണക്കമ്പനികളും വ്യക്തമാക്കുന്നില്ല. ഇത് തുല്യ നീതിക്ക് യോജിക്കാത്തതാണെന്നും കെഎസ്ആര്‍ടിസി നല്കിയ ഹര്‍ജിയില്‍ പറയുന്നു.