നേറ്റോ അഭ്യാസത്തിൽ പങ്കെടുക്കുന്ന യുഎസ് സൈനിക വിമാനം നോർവേയിൽ തകർന്നു വീണ് നാല് അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടതായി സ്കാൻഡിനേവിയൻ സൈന്യം ശനിയാഴ്ച പുറത്തുവിട്ട വാര്‍ത്താബുള്ളറ്റിനില്‍ അറിയിച്ചു.
നേറ്റോയിൽ നിന്നും പങ്കാളി രാജ്യങ്ങളിൽ നിന്നുമുള്ള 30,000 സൈനികർ ഉൾപ്പെടുന്ന കോൾഡ് റെസ്പോൺസ് സൈനികാഭ്യാസത്തിൽ പങ്കെടുക്കുകയായിരുന്നു നാലു പേരും. ഇരുന്നൂറോളം വിമാനങ്ങളും അന്‍പതോളം കപ്പലുകളും അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്. ഏപ്രില്‍ ഒന്നു വരെ ഈ അഭ്യാസം തുടരും.
യുഎസ് മറൈൻ കോർപ്സിന്റെ V-22B ഓസ്പ്രേ വിമാനം വടക്കൻ നോർവേയിലെ ബോഡോയ്ക്ക് തെക്ക് വെള്ളിയാഴ്ച വൈകുന്നേരം കാണാതായതായി റിപ്പോർട്ട് ചെയ്തിരുന്നു.
ശനിയാഴ്ച 01:30 (0030 GMT) ന്, “പോലീസ് സംഭവസ്ഥലത്തെത്തി. നോർഡ്ലാൻഡ് കൗണ്ടിയിലെ പോലീസ് നാല് പേർ മരിച്ചതായി സ്ഥിരീകരിച്ചു. പോലീസിന് അറിയാവുന്നിടത്തോളം, നാല് പേർ അമേരിക്കൻ പൗരന്മാരാണ്,” നോർവീജിയൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അഭ്യാസത്തിനിടെ MV-22B Osprey ഉൾപ്പെട്ട ഒരു “അപകടം” യുഎസ് മറൈൻ കോർപ്സ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കൂടാതെ, നോർവീജിയൻ സിവിൽ അധികാരികൾ തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും നേതൃത്വം നൽകുന്നതായും പറഞ്ഞു.
ഇന്നലെ രാത്രി ഒരു വിമാനാപകടത്തിൽ നാല് അമേരിക്കൻ സൈനികർ മരിച്ചുവെന്ന സന്ദേശം ഞങ്ങൾക്ക് ലഭിച്ചത് വളരെ സങ്കടത്തോടെയാണ് കേട്ടതെന്ന് നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ ട്വിറ്ററിൽ കുറിച്ചു.
നേറ്റോയുടെ പരസ്പര പ്രതിരോധ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സാഹചര്യത്തിൽ നോർവേ അതിന്റെ മണ്ണിലെ സഖ്യശക്തികളെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് പരിശോധിക്കാനാണ് കോൾഡ് റെസ്പോൺസ് 2022 ലക്ഷ്യമിടുന്നത്.