ഹ്യൂസ്റ്റണ്‍: സെന്‍ട്രല്‍ ടെക്സസില്‍ മാരകമായി പടര്‍ന്ന കാട്ടുതീയില്‍ 45,000 ഏക്കറിലധികം (17,700 ഹെക്ടർ) വനം കത്തി നശിക്കുകയും, ഒരാളെങ്കിലും കൊല്ലപ്പെടുകയും 50ഓളം വീടുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ കത്തി നശിക്കുകയും, 500-ഓളം പേരെ ഒഴിപ്പിക്കുകയും ചെയ്തു.
ഈസ്റ്റ്‌ലാൻഡ് കോംപ്ലക്‌സ് ഫയർ എന്ന് വിളിക്കപ്പെടുന്ന ഡാളസ്-ഫോർട്ട് വർത്ത് ഏരിയയുടെ പടിഞ്ഞാറ് ഭാഗത്തുള്ള കാട്ടുതീ വ്യാഴാഴ്ച വൈകുന്നേരമാണ് ആരംഭിച്ചത്.
ഈസ്റ്റ്‌ലാൻഡ് കൗണ്ടി ഷെരീഫ് ഓഫീസിലെ ഡപ്യൂട്ടി ബാർബറ ഫെൻലി ആളുകളെ രക്ഷപ്പെടാൻ സഹായിക്കുന്നതിനിടെയാണ് മരണപ്പെട്ടതെന്ന് അധികൃതർ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് 15 ശതമാനം തീ നിയന്ത്രണവിധേയമായതായി ടെക്സസ് എ ആൻഡ് എം ഫോറസ്റ്റ് സർവീസ് ട്വിറ്ററിൽ അറിയിച്ചു. അഗ്നിശമന സേനാംഗങ്ങൾ വീടുകളും കെട്ടിടങ്ങളും സംരക്ഷിക്കാന്‍ അഗ്നി നിയന്ത്രണ സംവിധാനങ്ങള്‍ ഉപയോഗിച്ചതു കൂടാതെ, വിമാനങ്ങൾ വെള്ളവും അഗ്നിശമന രാസവസ്തുക്കളും പ്രയോഗിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
തീപിടുത്തം ബാധിച്ച 11 കൗണ്ടികളെ മികച്ച രീതിയിൽ സഹായിക്കാൻ സംസ്ഥാനത്തെ അനുവദിക്കുന്ന ദുരന്ത പ്രഖ്യാപനത്തിൽ ഗവർണർ ഗ്രെഗ് ആബട്ട് വെള്ളിയാഴ്ച ഒപ്പുവച്ചു. സാഹചര്യത്തിനനുസരിച്ച് കൂടുതൽ കൗണ്ടികൾ കൂട്ടിച്ചേർക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ നില എപ്പോള്‍ വേണമെങ്കിലും മാറിക്കൊണ്ടിരിക്കാമെന്നും, കാറ്റും വരണ്ട കാലാവസ്ഥയും കാരണം തീ അപകടകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ശക്തമായ കാറ്റും ഉണങ്ങിയ പുല്ലുകളും കാരണം 52,000 ഏക്കറിലധികം കത്തിനശിച്ച സംസ്ഥാനത്തുടനീളമുള്ള 10 കാട്ടുതീയോട് ഇതിനോടകം പ്രതികരിച്ചിട്ടുണ്ടെന്ന് ഫോറസ്റ്റ് സർവീസ് വെള്ളിയാഴ്ച പറഞ്ഞു.
വാരാന്ത്യത്തിൽ നഗരത്തിന്റെ പടിഞ്ഞാറുള്ള നിരവധി കൗണ്ടികളിൽ ഉയർന്ന തീപിടുത്തം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫോര്‍ട്ട്‌വര്‍ത്തിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെള്ളിയാഴ്ച പറഞ്ഞു. ഈ വർഷം ടെക്‌സാസിൽ ഉണ്ടായ ഇത്രയും തീവ്രതയിലുള്ള ആദ്യത്തെ കാട്ടുതീയാണ് ഈസ്റ്റ്‌ലാൻഡ് കോംപ്ലക്‌സ് തീപിടുത്തമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ കാലാവസ്ഥാ നിരീക്ഷകൻ മാഡിസൺ ഗോർഡൻ പറഞ്ഞു. “ഇത് തീർച്ചയായും ശ്രദ്ധിക്കേണ്ട ഒന്നാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈസ്റ്റ്‌ലാൻഡ് കോംപ്ലക്‌സ് തീയിൽ കോമാഞ്ചെ, ഈസ്റ്റ്‌ലാൻഡ് കൗണ്ടികളുടെ ഭാഗങ്ങളിലുണ്ടായ നാല് തീപിടുത്തങ്ങളില്‍ കുറഞ്ഞത് 30,000 ഏക്കറെങ്കിലും കത്തിനശിച്ചു എന്ന് അദ്ദേഹം പറഞ്ഞു.
നാശനഷ്ടം സംഭവിച്ച വീടുകളുടെ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തീപിടുത്തത്തിന്റെ ദൃശ്യങ്ങൾ പരിസരവാസികൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. തീപിടുത്തത്തിൽ നിന്നുള്ള പുക 310 മൈല്‍ അകലെയുള്ള ഹൂസ്റ്റൺ ഉൾപ്പെടെ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.