ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങൾ സി.പി.എമ്മിനെ കൈവിട്ടുവെന്നത് ദേശീയ നേതൃത്വത്തിന് ഒരു നെരിപ്പോടായി ഓര്‍മ്മയില്‍ തെളിഞ്ഞുനില്‍ക്കുന്നുണ്ട്. ഇപ്പോൾ കെ റെയിൽ നടപ്പാക്കാൻ ഒരുങ്ങുന്ന പിണറായി സർക്കാരിനെതിരെ കേരളത്തിന്റെ മുക്കിലും മൂലയിലും പ്രതിഷേധം അലയടിക്കുകയാണ്. ത്രിപുരയിലും ബംഗാളിലും ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് സിപിഎമ്മിന് ബോധ്യമുണ്ട്. രണ്ടിടത്തും പാർട്ടി തകർന്നു. കേരള ഘടകമാണ് ആകെയുള്ള പ്രതീക്ഷ.
എന്നാൽ, ഇവിടെ പാർട്ടിയിലും സർക്കാരിലും എല്ലാ തീരുമാനങ്ങളും എടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പോലും കേരള ഘടകത്തെ ഭയമാണ്. ശബരിമല സമരത്തെ സിപിഎം ലാഘവത്തോടെയാണ് എടുത്തത്. തുടര്‍ന്ന് നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ 19 ഇടത്ത് ഇടതുപക്ഷം കേരളത്തില്‍ തോറ്റു. ഇതിന് സമാനമായ പ്രതിഷേധമാണ് ഇപ്പോള്‍ ഉയരുന്നത്. സമരക്കാരെ ഭീകരരായി ചിത്രീകരിക്കുകയാണ് ചില മന്ത്രിമാര്‍.
ഇതെല്ലാം ജനങ്ങളെ എതിരാക്കും. വീടുകളില്‍ കയറി കല്ലിടുന്നു. വസ്തുക്കള്‍ വില്‍ക്കാന്‍ കഴിയാത്ത സാഹചര്യം. കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് അന്തിമാനുമതി നല്‍കിയില്ലെങ്കില്‍ എല്ലാം വെറുതെയാകും. അതുകൊണ്ട് തന്നെ ഈ പദ്ധതിക്ക് വേണ്ടി ജനങ്ങളെ എതിരാക്കരുതെന്നാണ് സിപിഎം കേന്ദ്ര നിലപാട്. എന്നാല്‍ ഇത് പിണറായി വിജയന്റെ മുഖത്ത് നോക്കി പറയാന്‍ ആളില്ലെന്നതാണ് ദേശീയ നേതൃത്വത്തെ അങ്കലാപ്പിലാക്കുന്നത്. കണ്ണൂരിലാണ് ഇത്തവണ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്.
സംസ്ഥാന സമ്മേളനത്തില്‍ പിണറായിക്ക് ഇഷ്ടമില്ലാത്ത വിവാദങ്ങളൊന്നും ആരും ചര്‍ച്ച ചെയ്തില്ല. പാര്‍ട്ടി കോണ്‍ഗ്രസില്‍ പിണറായിയെ കേരളത്തിലെ നേതാക്കള്‍ ആരും ചോദ്യം ചെയ്യാന്‍ സാധ്യതയില്ല. വീണ്ടും ജനറല്‍ സെക്രട്ടറിയാകാന്‍ യെച്ചൂരിക്ക് പിണറായിയുടെ പിന്തുണ അനിവാര്യമാണ്. അതിനാല്‍ മൗനം പാലിക്കാനാണ് യെച്ചൂരി ഇഷ്ടപ്പെടുന്നത്. കേരളത്തിലെ നേതാക്കളിലും കെ റെയില്‍ വിരുദ്ധ വികാരം ശക്തമാണ്. എന്നാല്‍ പുറത്തു പറഞ്ഞാല്‍ പിണറായി കോപം ആഞ്ഞടിക്കും. അതുകൊണ്ട് ആരും ഒന്നും പറയുന്നില്ല. രണ്ട് വർഷം കഴിഞ്ഞ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ആരും സിപിഎമ്മിനെ പ്രതിനിധീകരിക്കില്ലെന്ന് മുൻ ജനറൽ സെക്രട്ടറിയുടെ ഭാര്യയും പിബി അംഗവുമായ വൃന്ദാ കാരാട്ട് ഭയപ്പെടുന്നു. എന്നാൽ ഇതെല്ലാം പിണറായിയെ എങ്ങനെ അറിയിക്കണമെന്ന് അവർക്കറിയില്ല.